
കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അഡ്വ. പി ഗവാസ് (46 ) തെരഞ്ഞെടുക്കപ്പെട്ടു. കുറ്റ്യാടി മരുതോങ്കരയ്ക്കടുത്ത് കോതോട് സ്വദേശിയാണ്. പാറക്കൽ ഗംഗാധരൻ- പത്മിനി ദമ്പതികളുടെ മകനാണ്. എഐഎസ് എഫിലൂടെ പൊതുരംഗത്ത് വന്ന് അഡ്വ. പി ഗവാസ് എ ഐ എസ് എഫ്, എ ഐ വൈ എഫ് സംഘടനകളുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോ സെക്രട്ടറി, നാഷണൽ കൗൺസിൽ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. വിദ്യാർത്ഥി-യുവജന സംഘടനാ കാലഘട്ടത്തിൽ ഇടത് പുരോഗമന സംഘടനാ രംഗത്തെ സമരമുഖമായി മാറി നിരവധി തവണ ക്രൂരമായ പോലീസ് മർദ്ദനത്തിന് ഇരയായി. വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പലതവണ ജയിൽ വാസം അനുഭവിച്ചു. വിദ്യാർത്ഥി സംഘടനാ കാലത്ത് കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചു. സിപിഐ കാവിലുംപാറ ലോക്കൽ സെക്രട്ടറി, നാദാപുരം മണ്ഡലം സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്.
പൊളിറ്റിക്കൽ സയൻസിൽ ബിരുധാനന്ദര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിൽ അഭിഭാഷകനായിരുന്നു. അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ എഎൽ) ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. 2005 മുതൽ സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗവും നിലവിൽ പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. 2020 മുതൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കടലുണ്ടി ഡിവിഷനിൽ നിന്നുള്ള അംഗവും നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. ലോക യുവജന സമ്മേളനത്തിന്റെ ഭാഗമായി റഷ്യ, ഇക്വഡോർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മോസ്കോയിൽ നടന്ന വേൾഡ് യംഗ് കമ്യൂണിസ്റ്റ് സംഗമത്തിലും പങ്കെടുത്തു. അധ്യാപികയും എകെ എസ് ടി യു നേതാവുമായ കെ സുധിനയാണ് ജീവിത പങ്കാളി. മക്കൾ: സെദാൻ ഗസിന്ത്, കലാനി ഗസിന്ത്. നിലവില് കോഴിക്കോട് ബിലാത്തിക്കുളത്താണ് താമസം.
ജില്ലാ സമ്മേളനം നാല് കാൻഡിഡേറ്റ് അംഗങ്ങൾ ഉൾപ്പെടെ 39 അംഗ പുതിയ ജില്ല കൗൺസിലിനെയും 12 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കൗൺസിൽ യോഗം ഇ കെ വിജയൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന് ജില്ല സെക്രട്ടറിയായി അഡ്വ. പി ഗവാസിനെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, സി കെ ശശിധരൻ, അഡ്വ. പി വസന്തം, ടി വി ബാലൻ, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഭക്ഷ്യ മന്ത്രി ജിആർ അനിൽ, സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്ടെ കോമൺവെൽത്ത് നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണവും പ്രതികൂല കാലാവസ്ഥയും കാരണം പൊതുസമ്മേളനവും റെഡ് വളണ്ടിയർ മാർച്ചും പതാക- കൊടിമര ജാഥകളും ഒഴിവാക്കി രണ്ടു ദിവസത്തെ പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തിയത്. കല്ലാച്ചി ഓത്തിയിൽ കൺവെൻഷൻ സെന്ററിലെ എം നാരായണൻ മാസ്റ്റർ നഗറിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
…………




