
കോഴിക്കോട്: വോട്ടര്‍ പട്ടിക പുതുക്കല്‍ സമഗ്രമാകണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് വോട്ടര്‍ പട്ടിക നീരിക്ഷക ടിങ്കു ബിസ്വാള്‍ പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ല സന്ദര്‍ശിക്കുന്നതിനിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമായി കലക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോവിഡ് പശ്ചാത്തലത്തില്‍ യുവ വോട്ടര്‍മാരെ പട്ടികയിലുള്‍പ്പെടുത്തുന്നതിന് ഓരോ പ്രദേശത്തെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം ആവശ്യമാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പ്രത്യേക യജ്ഞം നടത്തിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഫീല്‍ഡ് തല പരിശോധന നടത്തും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ നടപടികള്‍ സംസ്ഥാനത്ത് മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും നീരിക്ഷക അഭിപ്രായപ്പെട്ടു.
കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാത്ത സാഹചര്യമായതിനാല്‍ ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാര്‍ മുഖേന പരമാവധി അപേക്ഷകള്‍ ശേഖരിച്ച് നല്കാന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവും യോഗത്തില്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ പൊതുജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും സാങ്കേതിക പ്രശ്നങ്ങളും പ്രതിനിധികള്‍ പങ്കുവെച്ചു. ഇപ്പോഴത്തെ വോട്ടര്‍ പട്ടികയില്‍ ഭൂമിശാസ്ത്രപരമായ അപാകതകളുണ്ടെന്നും ഒരേ പഞ്ചായത്തിലുള്ളവര്‍ക്ക് പോളിങ് ബൂത്ത് അനുവദിച്ചിരിക്കുന്നത് വെവ്വേറെ സ്ഥലങ്ങളിലാണെന്നും അവര്‍ പറഞ്ഞു. വോട്ടര്‍മാരുടെ സൗകര്യം പരിഗണിച്ച് ഏറ്റവുമടുത്ത ബൂത്തിലേക്ക് വോട്ടവകാശം മാറ്റി നല്‍കുന്നത് പരിഗണിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബൂത്ത് അറേഞ്ച്മെന്റ് യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍, നീക്കം ചെയ്യല്‍ എന്നിവ നടത്തുന്നതിന് ഡിസംബര്‍ 31 വരെ അനുവദിച്ചിട്ടുള്ള അവസരം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് നീരിക്ഷക അഭിപ്രായപ്പെട്ടു. ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നത് അടിസ്ഥാനമാക്കി ഡിസംബര്‍ 31വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍, നീക്കം ചെയ്യല്‍ എന്നിവ ചെയ്യാം. നവംബര്‍ 16നാണ് ഇതിന്റെ നടപടികള്‍ ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലിനും തിരുത്തലുകള്‍ക്കും voterportal.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
യോഗത്തില്‍ സബ് കലക്ടര്‍ ജി.പ്രിയങ്ക, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ടി.ജനില്‍ കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.ശ്രീധരന് (സിപിഐഎം), ടി.വി.ബാലന് (സിപിഐ), പി.എം.അബ്ദുറഹ്മാന് (കോണ്‍ഗ്രസ്), കെ.മൊയ്ദീന്‍കോയ(ഐയുഎംഎല്‍), പി.പി.ഗോപാലന് (ബി ജെ പി), എന്‍.സി.മൊയീന്‍കുട്ടി (എല്‍ ജെ ഡി),സി.പി.ഹമീദ് (കോണ്‍ഗ്രസ് എസ്),പി.ആര്.സുനില്‍ സിങ്(എന്‍ സി പി), പി.ടി.ആസാദ് (ജനതാദള്‍), ഷാജി കളത്തില്‍തൊടി (ബി എസ് പി), എ.ലോഹ്യ(ജെ ഡി എസ്) തുടങ്ങിയവര്‍ പങ്കെടുത്തു.