top news
സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ഹൃദയവുമായി പറക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ഇന്ന് ഹൃദയവുമായി പറക്കും. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടു പോവാന്‍ എയര്‍ ആംബുലന്‍സായാണ് ഹെലികോപ്റ്റര്‍ ഉയപോഗിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്.
ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും കൈമാറിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനായി പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടിരൂപ കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് ധൂര്‍ത്താണെന്ന വിമര്‍ശം ഉയര്‍ന്നു.
എന്നാല്‍, വാടക ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സായി ഉപയോഗിച്ച് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ് സര്‍ക്കാര്‍. കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും ഡോ ജോസ് ചാക്കോ പെരിയ പുരത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അമ്പത് വയസുള്ള സ്ത്രീയുടെ ഹൃദയവുമായി ഇന്നുച്ചക്ക് രണ്ട് മണിയോടെ കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് തിരിക്കും.