Sports
1983 ലോകകപ്പ് നേട്ടത്തിന് 37 വയസ്
1983 ല്‍ വെസ്റ്റിന്‍ഡീസിനെ ഫൈനലില്‍ തോല്‍പ്പിച്ച് ഇന്ത്യ ലോകചാമ്പ്യന്‍മാരായിട്ട് ഇന്നേക്ക് 37 വര്‍ഷം. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ, മുന്‍ ചാമ്പ്യന്‍മാരെ മലര്‍ത്തിയടിക്കാന്‍ കപില്‍ദേവിനും സംഘത്തിനും ആത്മവിശ്വാസം ലഭിച്ചത് ആദ്യ മത്സരത്തിലാണ്. സാക്ഷാല്‍ വിന്‍ഡീസായിരുന്നു എതിരാളി. പൊരുതാനുറച്ച ഇന്ത്യ 34 റണ്‍സിന് അട്ടിമറി ജയം സ്വന്തമാക്കി. ആ വിജയമായിരുന്നു ഗെയിം ചെയ്ഞ്ചര്‍. ലോകകപ്പ് ജയിച്ച ടീമിന്റെ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി ഇന്നും വിശ്വസിക്കുന്നത് ആദ്യ കളിയില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചതാണ് എല്ലാം മാറ്റിമറിച്ചത് എന്നാണ്.
ഫൈനലില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോഴും പ്രതീക്ഷ കൈവിടാതിരുന്നത് വിന്‍ഡീസിനെ ഒരിക്കല്‍ തോല്‍പ്പിച്ചതിന്റെ ധൈര്യത്തിലാണ്. 183 റണ്‍സ് ലക്ഷ്യം പ്രതിരോധിക്കുമ്പോള്‍ ആത്മവിശ്വാസം കൈവന്നത് ഗോര്‍ഡന്‍ ഗ്രീനിഡ്ജിനെയും വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും പുറത്താക്കിയപ്പോഴാണ്. ലോക ക്രിക്കറ്റിലെ വമ്പന്‍ അട്ടിമറിയായിരുന്നു ലോകകപ്പ് കിരീട ജയം. ഏതൊരു ടീമിനും അവരുടേതായ ദിവസം അത്ഭുതങ്ങള്‍ സാധിപ്പിക്കാം എന്ന് ഞങ്ങള്‍ തെളിയിച്ചു- കിര്‍മാനി പറഞ്ഞു.