ബാബു ചെറിയാന്‍
കോഴിക്കോട്:
കളമശേരിയില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന ഐടി ബില്‍ഡിങ്ങിന്റെ കരാറില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ നടത്തിയ അവിഹിത ഇടപെടല്‍ മൂലം സര്‍ക്കാരിന് നഷ്ടമാക്കുന്നത് 1.17 കോടി രൂപ . തിരുവനന്തപുരത്ത് ഐടി വകുപ്പിനായി 86 കോടി രൂപയുടെ കെട്ടിടം നിര്‍മിച്ച ഗുജറാത്തിലെ കുബേര കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ താഴ്ന്ന ക്വട്ടേഷന്‍ മറികടന്ന് ആരുമറിയാതെ കരാര്‍ കോഴിക്കോട്ടെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് മറിച്ചുനല്‍കിയതില്‍ മുന്‍ ഐടി സെക്രട്ടറി ഒത്തുകളിക്കുകയായിരുന്നു. ഇതിനെതിരെ ഗുജറാത്ത് കമ്പനി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇരു ക്വട്ടേഷനും തമ്മിലുള്ള വ്യത്യാസമായ 1.17 കോടി രൂപ ഐ ടി സെക്രട്ടറിയില്‍ നിന്ന് പിഴയായി ഈടാക്കാന്‍ കോടതി വിധിച്ചത്. എം. ശിവശങ്കറടക്കം മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂവര്‍ സംഘം ഒത്തുകളിച്ചാണത്രെ കൂടുതല്‍ തുക ക്വാട്ട് ചെയ്ത കോഴിക്കോട്ടെ സൊസൈറ്റിക്ക് നിര്‍മാണ കരാര്‍ ഉറപ്പിച്ചത്.
കരാറിന്റെ ടെണ്ടര്‍ പൊളിച്ചപ്പോള്‍ ഗുജറാത്ത് കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്നത്. അവരുടേതിനേക്കാള്‍ 1.17 കോടി രൂപ അധികമാണ് കോഴിക്കോട്ടെ സൊസൈറ്റി ക്വാട്ട് ചെയ്തിരുന്നത്. എന്നാല്‍ ലോവസ്റ്റ് ക്വട്ടേഷന്‍ ( എല്‍ 1) ഒഴിവാക്കി 1.17 കോടി രൂപ അധികമുള്ള എല്‍ 2 ക്വട്ടേഷന് കരാര്‍ ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സൊസൈറ്റി നിര്‍മാണം ആരംഭിച്ചു. ഇതിനെതിരെ ഗുജറാത്ത് കമ്പനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മൊത്തം കരാര്‍ തുകയുടെ 10 ശതമാനം വ്യത്യാസം വന്നാല്‍പോലും കരാര്‍ സൊസൈറ്റിക്ക് കൊടുക്കാന്‍ വകുപ്പുണ്ടെന്ന് എം.ശിവശങ്കര്‍ വാദം ഉന്നയിച്ചെങ്കിലും കോടതി തള്ളി. അങ്ങനെയൊരു വ്യവസ്ഥയുണ്ടെങ്കില്‍ അത് കരാറില്‍ കൃത്യമായി രേഖപ്പെടുത്തണമായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വാദം തള്ളിയത്.
പിഴ തുക എല്‍ 2 വില്‍ നിന്ന് ഈടാക്കുണമെന്ന വിധിയെ കോഴിക്കോട്ടെ സൊസൈറ്റി ചോദ്യം ചെയ്തു.. കൂടുതല്‍ തുകയുടെ ക്വട്ടേഷന്‍ ഉറപ്പിച്ചതില്‍ തങ്ങള്‍ക്ക് ഒരറിവും ഇല്ലെന്ന കോഴിക്കോട്ടെ സൊസൈറ്റിയുടെ വാദം അംഗീകരിച്ചാണ് 1.17 കോടി രൂപ ഐ ടി സെക്രട്ടറി പിഴയായി അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ എം.ശിവശങ്കറിന്റെ ഉപദേശപ്രകാരം സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്.
അഭിഭാഷകഫീസടക്കം 1.5 കോടി രൂപ ഈ ഇനത്തില്‍ സര്‍ക്കാരിന് നഷ്ടപ്പെട്ടേക്കും. തിരുവനന്തപുരം ഐടി കെട്ടിട നിര്‍മാണത്തിലെ ജി എസ് ടി യു മാ യി ബന്ധപ്പെട്ട് ഗുജറാത്ത് കമ്പനിയുടെ 14 കോടിയോളം രൂപ എം ശിവശങ്കര്‍ ഇടപെട്ട് പിടിച്ചു വച്ചിരിക്കയാണ്. ജി എസ് ടി സംബന്ധിച്ച തര്‍ക്കമാണ് , കിഫ് ബി വരെ പ്രശംസിച്ച ഗുജറാത്ത് കമ്പനിയെ ഒഴിവാക്കി കോഴിക്കോട്ടെ സി പി എം അനുഭാവ സൊസൈറ്റിക്ക് കളമശേരി കെട്ടിട നിര്‍മാണ കരാര്‍ നല്‍കാന്‍ കാരണമായത്.