കോഴിക്കോട് : ‘ഇമ്മടെ കോയിക്കോട് ‘ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റില്‍ നേരിട്ട് വരാതെ വീട്ടിലിരുന്ന് പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം ‘മീറ്റ് യുവര്‍ കലക്ടര്‍ ഓണ്‍ കോള്‍’ പദ്ധതിക്ക് തുടക്കമായി. കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വീടുകളില്‍ നിന്നുതന്നെ പരാതികള്‍ നല്‍കാനുള്ള അവസരമാണിത്. സമയനഷ്ടമൊഴിവാകുന്നതു കൂടാതെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുന്നതാണ് പദ്ധതി.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ നൂറിലേറെ പരാതികളാണ് വാട്സാപ്പ് വഴി ലഭിച്ചത്. ഇതില്‍ പരിഗണനയര്‍ഹിക്കുന്ന 15 പരാതിക്കാരുമായി ജില്ലാ കലക്ടര്‍ സാംബശിവ റാവു വീഡിയോ കോള്‍ ഷെഡ്യൂള്‍ ചെയ്ത് സംസാരിക്കുകയും പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. പ്രവൃത്തിദിനങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 5.30 വരെയുള്ള സമയമാണ് പൊതുജനങ്ങളുമായി കലക്ടര്‍ സംസാരിക്കുക. വാട്സാപ്പ് വഴിയും ഈമെയില്‍ വഴിയും പരാതികള്‍ അറിയിക്കാം. 8848622770 എന്ന വാട്സ്ആപ്പ് നമ്പറിലോ pgcellkozhikode@gmail.com എന്ന ഈമെയില്‍ വിലാസത്തിലോ പരാതികള്‍ സമര്‍പ്പിക്കാം.