കോഴിക്കോട്: ആഘോഷങ്ങളെല്ലാം കോവിഡ് കവർന്നെടുത്തപ്പോൾ അയൽവാസികൾ തമ്മിലുള്ള കൂടിച്ചേരലുകൾ പോലും ഓൺലൈനായി മാറി. 2020 മാർച്ചിന് മുമ്പ് വരെ ഏതൊരു പ്രത്യേക ദിനവും ഒരുമിച്ചിരുന്ന് ആഘോഷിച്ച മലയാളിക്ക് ഇന്ന് അതെല്ലാം പഴങ്കഥയായി മാറി. തൊട്ടടുത്ത വീട്ടിലുള്ളവരെ പോലും ദൂരെ നിന്ന് കണ്ട് വിശേഷം പങ്കുവച്ച് ശീലിക്കാൻ തുടങ്ങിയ ജനങ്ങൾ ഇപ്പോൾ ഒരുപടി കൂടി കടന്ന് എല്ലാം ഓൺലൈനിലേക്ക് മാറ്റുകയാണ്. നേരത്തെ വിശേഷ ദിവസങ്ങളിൽ ഒത്തുകൂടിയവർ ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഒത്തുചേരുന്നത്. പിറന്നാൾ മുതൽ വിവാഹം വരെ ഓൺലൈൻ ആവുമ്പോൾ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാംസ്കാരിക കൂട്ടായ്മകൾ പോലും ഓൺലൈനിന് വഴി മാറി. ഇത്തരത്തിൽ ഓൺലൈൻ കൂട്ടായ്മയുടെ പുതിയ മുഖം തുറക്കുകയാണ്
എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയും. വായനശാലയിലെ പ്രായമായ അംഗങ്ങൾ മുതൽ ചെറുപ്പക്കാർ വരെ ഇനി മാസത്തിലൊരിക്കൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഒത്തുകൂടും. ഇതിൻ്റെ ആദ്യപടിയായി വായനശാല യുവജന വിഭാഗമായ യുവതയുടെ ആഭിമുഖ്യത്തിൽ ദേശീയ സൗഹൃദ ദിനത്തോടനുബന്ധിച്ച് ‘ചങ്ങാതിക്കൂട്ടം’ എന്ന ഓൺലൈൻ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. 80 വർഷം പഴക്കമുള്ള വായനശാലയുടെ ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ പ്രായമായ അംഗങ്ങൾക്കത് പുത്തൻ അനുഭവമായി മാറി. ഇത്തരം ഓൺലൈൻ യോഗങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത തങ്ങൾക്ക് വലിയ മാനസിക ഉല്ലാസമാണ് നൽകുന്നതെന്ന് വായനശാലയിലെ പ്രായമായ അംഗങ്ങൾ പറഞ്ഞു. കോവിഡ് കാലം കഴിഞ്ഞാലും ഓൺലൈൻ പ്ലാറ്റ്ഫോം സജീവമായി നിലനിർത്താനാണ് വായനശാല അംഗങ്ങളുടെ തീരുമാനം. ചങ്ങാതികൂട്ടം എന്ന ഓൺലൈൻ സൗഹൃദ കൂട്ടായ്മ നടനും എഴുത്തുകാരനുമായ വിപിൻ പി.എസ് ഉദ്ഘാടനം ചെയ്തു. യുവത സെക്രട്ടറി വിബിൻ ഇല്ലത്ത്, പ്രസിഡണ്ട് കെ.എസ്. ഹിരൺ, പ്രബൽ ഭരതൻ, ഷിംന. വി.സി, വൈശാഖ് എം.പി എന്നിവർ നേതൃത്വം നൽകി.