കോഴിക്കോട് : കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. മേയറുടെ ചേംബറില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്ററായ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ പരിശോധനയും നിരീക്ഷണവും വര്‍ധിപ്പിക്കും. വലിയങ്ങാടിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനവാസമേഖലയില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരുവീട്ടില്‍ തന്നെ അഞ്ചിലേറെ ആളുകള്‍ക്ക് പോസിറ്റാവാകുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ അത്തരത്തില്‍ 24 വീടുകളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുറത്ത്‌പോകേണ്ടി വരുന്ന ആളുകള്‍ വീട്ടിലും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. തീരദേശ മേഖല ആയതിനാല്‍ രോഗം പെട്ടെന്ന് വ്യാപിക്കാം. ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം.വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തും.
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് മാത്രമേ അവര്‍ ജോലിക്ക് പോകാന്‍ പാടുള്ളു. തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് മാത്രമേ തുറമുഖത്തേക്ക് പ്രവേശനമുള്ളു. മത്സ്യബന്ധനത്തിനു വരുന്ന അതിഥി തൊഴിലാളികള്‍ അനുമതി തേടേണ്ടത് നിര്‍ബന്ധമാണ്. അതിഥി തൊഴിലാളികള്‍ ബോട്ടില്‍ മത്സ്യബന്ധനത്തിനു എത്തി കടലില്‍ തന്നെ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതേയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളേയും ഒരു കാരണവശാലും മത്സ്യബന്ധനത്തിനു അനുവദിക്കില്ല. അവിടങ്ങളില്‍ പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സബ് കലക്ടര്‍ ജി.പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുത്തു.