താമരശേരി: മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമായി ഒരു കിലോമീറ്റര്‍ ആകാശ ദൂരത്തില്‍ പരിസ്ഥിതി ലോല മേഖല സ്ഥാപിക്കുന്നതിനായി ഇറക്കിയ കരട് വിജ്ഞാപനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സംയുക്ത സമര സമിതി. 75 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ഏകദേശം 53 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് ഈ വിജ്ഞാപന പ്രകാരം പരിസ്ഥിതി ലോല പ്രദേശം അഥവാ ബഫര്‍ സോണ്‍ ആയിത്തീരുക. അങ്ങനെ ആകുന്നതോടുകൂടി ഈ പ്രദേശങ്ങളില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ സോണ്‍ ഒന്നില്‍ പറയുന്ന നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പ്രധാനമായും രണ്ടുതരം നിയന്ത്രണങ്ങളാണ് ഉണ്ടാവുക. ഒന്ന് കൃഷിയ്ക്കുള്ള നിയന്ത്രണങ്ങള്‍, രണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിയന്ത്രണങ്ങള്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിപ്പിച്ച ഈ വിജ്ഞാപനം ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ദോഷകരമായി ബാധിക്കുന്നതിനാല്‍. ഈ വിജ്ഞാപനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.
കട്ടിപ്പാറ, പനങ്ങാട്, പുതുപ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് സമര സമിതിക്ക് രൂപം നല്‍കിയത്. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് വിളിച്ചു ചേര്‍ത്തയോഗത്തില്‍ പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു