local
കോവിഡ്: താമരശേരി സ്വദേശി മരിച്ചു
താമരശേരി: കോവിഡ് ബാധിച്ച് താമരശേരി സ്വദേശി മരിച്ചു. പരപ്പന്‍പൊയില്‍ കുണ്ടച്ചാലില്‍ അഹമ്മദ് കോയ എന്ന ബാവ (63) ആണ് മരിച്ചത്. നാട്ടില്‍ വെച്ച് കോവിഡ് ബാധിച്ചുള്ള താമരശേരിയിലെ ആദ്യ കോവിഡ് മരണമാണിത്.
ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന അഹമ്മദ് കോയയെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച അസുഖം അധീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് നില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
താഴെ പരപ്പന്‍പൊയില്‍ പള്ളികമ്മിറ്റി പ്രസിഡന്റായിരുന്ന അഹമ്മദ് കോയ വട്ടക്കുണ്ട് ജുമാ മസ്ജിദ് കമ്മിറ്റിയുടെയും പരപ്പന്‍പൊയില്‍ റിയാളുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസയുടെയും മുന്‍ വൈസ് പ്രസിഡന്റായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം സംസ്കരിക്കും.