കോഴിക്കോട്: കോവിഡ് മഹാമാരി സംസ്ഥാനത്തെ ക്ഷേത്ര വാദ്യ കലാകാരന്‍മാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. വാദ്യകലയെ ഉപജീവനമായെടുത്ത മൂവായിരത്തിലേറെ കുടുംബങ്ങള്‍ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് സാമ്പത്തികമായി ഏറെ പ്രയാസത്തിലേക്ക് വീണു കഴിഞ്ഞു. ഓണക്കാലത്ത് കുടുംബം പട്ടിയിലാകാതിരിക്കാന്‍ വേണ്ടി സംസ്ഥാന ക്ഷേത്ര വാദ്യ കലാ അക്കാഡമിയുടെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് താത്കാലിക ആശ്വാസം കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ ക്ഷേത്ര വാദ്യ കലാ അക്കാഡമിയുടെ വിവിധ മേഖലകളിലെ ഓണക്കിറ്റ് വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. പത്മശ്രീ ഗുരു ചേമഞ്ചേരി,പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്ത് തുടങ്ങിയവരാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്.
വാദ്യ കലയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ ഇപ്പോള്‍ വലിയ ദുരിതം അനുഭവിക്കുകയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തിന്റെ കരുതല്‍ എന്ന നിലക്ക് കിറ്റ് വിതരണം ഏറ്റെടുത്തതെന്ന് ശ്രീകുമാര്‍ കോര്‍മത്ത് പറഞ്ഞു.
കേരളത്തിലെ ക്ഷേത്ര വാദ്യ കലാകാരന്‍മാര്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാന്‍ പ്രയാസപ്പെടുകയാണ്. മൂവായിരത്തോളം വരുന്ന കലാകാരന്‍മാര്‍ക്ക് ഓണത്തിന് സ്‌നേഹിക്കറ്റ് നല്‍കാന്‍ ക്ഷേത്ര വാദ്യകലാ അക്കാഡമി പദ്ധതിയിട്ടത് ഏറെ ആശങ്കയോടെയായിരുന്നു. എന്നാല്‍ സഹായഹസ്തവുമായി സുമനസുകള്‍ മുന്നോട്ട് വരുന്നത് പ്രതീക്ഷയാണെന്ന് ക്ഷേത്ര വാദ്യകലാ അക്കാഡമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കടമേരി പറഞ്ഞു.
കോഴിക്കോട് മേഖലാ കിറ്റ് വിതരണ ചടങ്ങില്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ സി അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടന്ന പരിപാടിയില്‍ ക്ഷേത്ര വാദ്യകലാ അക്കാഡമി സംസ്ഥാന വൈസ് പ്രസിഡന്റ് കലാമണ്ഡലം ശിവദാസന്‍ ശ്രീകുമാര്‍ കോര്‍മത്തിനെ പൊന്നാടയണിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി പ്രജീഷ് കാര്‍ത്തികപ്പള്ളി, ജില്ലാ ക്ഷേമ കാര്യ സമിതി ട്രഷറര്‍ അനീഷ് പോലൂര്‍, കണ്‍വീനര്‍ രൂപേഷ് ആര്‍ മാരാര്‍, കോഴിക്കോട് മേഖലാ പ്രസിഡന്റ് ബാബു പോലൂര്‍, മേഖലാ സെക്രട്ടറി കൃഷ്ണന്‍ ഗോവിന്ദപുരം എന്നിവര്‍ സംബന്ധിച്ചു.