മുക്കം: അഗസ്ത്യമുഴിയിലെ ബ്രിട്ടീഷ് പാലത്തോട് അനുബന്ധിച്ച് നഗരസഭ നിർമിക്കുന്ന പൈതൃക പാർക്കിൻ്റെ പ്രാരംഭ പ്രവർത്തനങ്ങർക്ക് തുടക്കമായി. അഗ്നിരക്ഷാ നിലയം മുതൽ പാലം വരെയുള്ള ഭാഗം ശുചീകരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ശുചീകരണത്തിൻ്റെ ഭാഗമായി ലഭിക്കുന്ന വസ്തുക്കൾ ഇൻസ്റ്റലേഷൻ തയ്യാറാക്കാനായി ഉപയോഗിക്കും.
അഗസ്ത്യമുഴിയിലെ പഴയ ബ്രിട്ടീഷ് പാലവും പരിസരവും പൈതൃക പാർക്കാക്കി സംരക്ഷിക്കുന്നതിന് നഗരസഭ പദ്ധതി ആവിഷ്കരിച്ചിരുന്നു. പ്രകൃതി ദത്ത സൗന്ദര്യം നില നിർത്തിക്കൊണ്ട് മുക്കം നഗരത്തിൻ്റെ പ്രവേശന കവാടമായ അഗസ്ത്യമുഴിയിൽ പാർക്ക് നിർമിക്കാനാണ് പദ്ധതി. പ്രഭാത നടത്തത്തിനും സായാഹ്നങ്ങൾ ചിലവഴിക്കുന്നതിനുമുള്ള ഇടമാക്കി പാർക്കിനെ മാറ്റാനാണ് തീരുമാനം.
പാർക്കിലെ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയ്യാറായവർ സന്നദ്ധ പത്രം കൈമാറി.
കനത്ത മഴയത്ത് നടന്ന പ്രഖ്യാപന ചടങ്ങിലും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളിലും നിരവധി പേർ പങ്കെടുത്തു. ബ്രിട്ടീഷ് പാലത്തിന് സമീപം നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പൈതൃക പാർക്ക് പ്രഖ്യാപനം നടത്തി