കോഴിക്കോട്: കഴിഞ്ഞ ദിവസം വിതുരയിൽ അറസ്റ്റിലായ കാക്ക രഞ്ജിത്ത് കള്ളക്കടത്ത്, സ്വർണം കവരൽ, ഹവാല, കുഴല്‍പ്പണകടത്ത്, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, വധശ്രമം എന്നിങ്ങനെ മുപ്പതോളം കേസുകളിലെ പ്രതിയാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഒളവണ്ണ മംഗലോളി വീട്ടില്‍ രഞ്ജിത്ത് ജാമ്യത്തിലിറങ്ങി വിവിധയിടങ്ങളിൽ ഒളിവില്‍ കഴിയുകയായിരുന്നു. കല്ലാറിനടുത്തള്ള റിസോർട്ടിൽ നിന്ന് വിതുര പൊലീസാണ് രഞ്ജിത്തിനെയും കൂട്ടാളികളെയും അറസ്റ്റുചെയ്തത്. പിടിയിലായ ഉടൻ കേഴിക്കോട് ഡി.സി.പി എസ്. സുജിത്ത്ദാസിന്റ നിർദ്ദേശപ്രകാരമാണ് കോഴിക്കോട്ടെത്തിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യുന്നതോടെ നിരവധി കേസുകളുടെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രവാസിയെ തടഞ്ഞ് മൂന്നരക്കിലോ കള്ളക്കടത്ത് സ്വർണം കവരാൻ ടി.പി. ചന്ദ്രശേരഖൻ വധക്കേസ് പ്രതി കൊടി സുനി ജയിലിൽ ഗൂഡാലോചന നടത്തിയ കേസിലുൾപ്പെടെ പ്രധാനിയാണ് കാക്ക രഞ്ജിത്ത്. ജാമ്യത്തിലിറങ്ങി മുങ്ങിയതിനാൽ ഈ കേസിലടക്കം അന്വേഷണം നിലച്ച അവസ്ഥയായിരുന്നു.
2017 ജൂലൈ 16ന് രാവിലെ കരിപ്പൂരിൽ നിന്നും കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മയിലിനെ മോഡേൺ ബസാറിൽ തടഞ്ഞാണ് കള്ളക്കടത്ത് സ്വർണമടങ്ങിയ ബാഗ് കവർന്നത്. കേസിൽ പന്തീരാങ്കാവിലെ ദിൽഷാദ്, കൊടൽ നടക്കാവിലെ അതുൽ, ചക്കുംകടവിലെ റാസിക് എന്നിവരാണ് രഞ്ജിത്തിന്റെ പങ്ക് വ്യക്തമാക്കിയത്. കൊല്ലം സ്വദേശി രാജേഷ് ഖന്നക്ക് 80 ലക്ഷം രൂപക്ക് സ്വർണം വിറ്റെന്നായിരുന്നു രഞ്ജിത്തിന്റെ മൊഴി.
വൻ കവർച്ചകൾ നടത്തി ഇതര സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയാണ് ഇയാളുടെ രീതി. മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി പൊലീസ് പിന്നാലെ വരുമെന്നത് മുൻനിർത്തി ഫോൺ ഫുൾചാർജാക്കി അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ലോറികളുടെ കാബിനുമുകളിൽ ഉപേക്ഷിച്ച് പൊലീസിനെ വട്ടം കറക്കുകയായിരുന്നു രീതി. മോഹൻലാൽ നായകനായ ദൃശ്യം സിനിമയിൽ ഇത് അനുകരിച്ചിട്ടുണ്ട് .രഞ്ജിത്തിന് അകമ്പടി നിന്ന ഗുണ്ട സംഘത്തിലെ കിണാശേരി പീടിയേക്കല്‍ ഫൈജാസ്, പന്തീരാങ്കാവ് പൂളേക്കര നിജാസ്, പെരുവയല്‍ കൊളാപറമ്പ് രജീഷ്, കിണാശേരി കാവുങ്ങൽ മനോജ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കുഴല്‍പണം പിടിച്ചുപറിച്ചതിന് ടൗണ്‍പോലീസിലും ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മെഡിക്കല്‍കോളജിലും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഒന്നരകിലോ സ്വര്‍ണം കടത്തിയതിന് കുന്ദമംഗലത്തും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നതിന് നടക്കാവ് സ്‌റ്റേഷനിലും കള്ളക്കടത്ത് സ്വർണം അപഹരിച്ചതിന് നല്ലളത്തും കേസുണ്ട്. ഇതിന് പുറമേ വധശ്രമത്തിന് കണ്ണൂര്‍ കൂത്തുപറമ്പിലും കോയമ്പത്തൂര്‍ സ്‌റ്റേഷനിലും കേസുകളുണ്ട്.