കോഴിക്കോട് : ഇന്നലെ വിതുരയിൽ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ കാക്ക രഞ്ജിത്തിനെ കോഴിക്കോട്ടെത്തിച്ച് റിമാൻഡ് ചെയ്തു. 2018ൽ കുന്ദമംഗലത്ത് സ്വർണ്ണക്കടത്ത് നടത്തിയെന്ന കേസിലാണ് നടപടി. കുന്ദമംഗലം കോടതിയുടെ ചുമതലയുള്ള ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസേ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തിന് റിമാൻറ് ചെയ്തതത്.
കോഴിക്കോട് ഒളവണ്ണ മംഗലോളി വീട്ടില്‍ രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് ജാമ്യത്തിലിറങ്ങി ‘ഒളിവിൽ കഴിയവെയാണ്. അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പോലീസിലെ മോഷണ, കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള പ്രതി വിവിധ സ്ഥലങ്ങളിലായി വര്‍ഷങ്ങളോളമായി ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ഡിസിപി യില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതിയെ വിതുര സിഐ പിടികൂടിയത്. പിന്നീട് കോഴിക്കോട് സിറ്റി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ പ്രതിയ്ക്ക് അകമ്പടി സേവിച്ചിരുന്ന മറ്റു ഗുണ്ടാസംഘങ്ങളേയും പിടികൂടിയിട്ടുണ്ട്. വളയനാട് കിണാശേരി പീടിയേക്കല്‍ ഫൈജാസ്, പന്തീരാങ്കാവ് പൂളേക്കര നിജാസ്, പെരുവയല്‍ കൊളാപറമ്പ് രജീഷ്, കിണാശേരി സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത്, ഹവാല, കുഴല്‍പണകടത്ത്, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, വധശ്രമം എന്നിങ്ങനെ 30 ഓളം കേസുകളിലെ പ്രതിയാണ് കാക്കരഞ്ജിത്ത്. കുഴല്‍പണം പിടിച്ചുപറിച്ചതിന് കോഴിക്കോട് ടൗണ്‍പോലീസിലും ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മെഡിക്കല്‍കോളജിലും ഒന്നരകിലോ സ്വര്‍ണം കടത്തിയതിന് കുന്ദമംഗലത്തും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നതിന് നടക്കാവ് സ്‌റ്റേഷനിലും 2017 ല്‍ രേഖകളില്ലാതെ കള്ളക്കടത്ത് നടത്തിയ നാല് കിലോ സ്വര്‍ണം പിടിച്ചുപറിച്ചതിന് നല്ലളത്തും കേസുണ്ട്. ഇതിന് പുറമേ വധശ്രമത്തിന് കണ്ണൂര്‍ കൂത്തുപറമ്പിലും കോയമ്പത്തൂര്‍ സ്‌റ്റേഷനിലും കേസുകളുണ്ട്. 2005-മുതല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പല കേസുകളും വാറണ്ടുകളും ഇയാള്‍ക്കെതിരേയുണ്ടെന്ന് പോലീസ് അറിയിച്ചു