localtop news

കടപ്പുറത്തെ വിളക്കുകാൽ പരിപാലനം പഴയ കമ്പനിക്കുതന്നെ : പ്രതിപക്ഷ ആവശ്യം തള്ളി

കോഴിക്കോട്: ബീച്ച് റോഡ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വിളക്കുകാൽ സ്ഥാപിച്ച് പരിപാലിക്കുന്നതിന് നാലുവർഷത്തേക്ക് കൂടി കരാർ നീട്ടിനൽകാനുള്ള തീരുമാനം 22 നെതിരെ 44 വോട്ടുകൾക്ക് നഗരസഭാ കൗൺസിൽ പാസാക്കി. പ്രതിപക്ഷാംഗങ്ങളുടെ വിയോജിനക്കുറിപ്പോടുകൂടിയാണ് വിഷയം പാസാക്കിയത്. ബീച്ച് ഓപ്പൺ സ് റ്റേജ് മുതൽ ബീച്ച് ഹോട്ടൽ വരെ വിളക്കുകാൽ സ്ഥാപിച്ച് പരിപാലിക്കുന്നതിനാണ് നാലു വർഷം കൂടി കരാർ നീട്ടി നൽകാൻ ടൗൺഹാളിൽ നടന്ന കൗൺസിൽ തീരുമാനിച്ചത്.
വിളക്കുകാലിൽ 60 പരസ്യ ബോർഡുകൾ സ്ഥാപിക്കാനാണ് അനുമതി നൽകിയതെന്നും 60 എണ്ണത്തിെൻറ പണമടച്ച് 100 എണ്ണം സ്ഥാപനം സ്ഥാപിച്ചുവെന്നും അതും നിർദ്ദിഷ്ട വലുപ്പത്തിലും കൂടുതലായിരുന്നുവെന്നും കോൺഗ്രസിലെ അഡ്വ.പി.എം നിയാസ് പറഞ്ഞു. കൂടുതലായി സ്ഥാപിച്ച ബോർഡുകൾക്ക് പണം അടക്കാൻ ആവശ്യപ്പെട്ടപ്പോൾ വണ്ടിച്ചെക്കാണ് നൽകിയതെന്നും ഇത്തരമൊരു കമ്പനിക്ക് കൂടുതൽ അവസരം നൽകേണ്ടതില്ലെന്നുമായിരുന്നു അദ്ധേഹത്തിന്റെ വാദം. വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രദേശങ്ങളിൽ കൃത്യമായി വെളിച്ചം ലഭിക്കുന്നുണ്ടെന്നും നല്ലരീതിയിൽ നടത്തിക്കൊണ്ടുപോയാൽ കരാർ നീട്ടി നൽകാൻ വകുപ്പുണ്ടെന്നും ചൂണ്ടിക്കാട്ടി വിഷയം വോട്ടിനിട്ട് പാസാക്കുകയായിരുന്നു.
നഗരപരിധിയിലെ ബസ് ഷെൽട്ടറുകൾ പരിപാലിക്കാനും പരസ്യം സ്ഥാപിക്കാനുമുള്ള കരാർ 10 വർഷത്തേക്ക് പുതുക്കി നൽകാനുള്ള തീരുമാനത്തെ അഡ്വ. വിദ്യാ ബാലകൃഷ്ണൻ എതിർത്തു. 2005 മുതൽ ഇവർക്ക് ബസ് ഷെൽട്ടറുകൾ പരിപാലിക്കാനുള്ള കരാർ ഉണ്ടായിരുന്നു. പരിപാലനം നടന്നില്ല. മറിച്ച് പൊട്ടിപ്പൊളിഞ്ഞ ബസ്സ് റ്റോപ്പിൽ പോലും പരസ്യം വെച്ച് ലാഭം കൊയ്യുക മാത്രമാണ് ചെയ്തതെന്നും ഇത്രയും വർഷത്തേക്ക് കരാർ പുതുക്കി നൽകരുതെന്നും വിദ്യ ആവശ്യപ്പെട്ടു. കരാർ മൂന്നു വർഷത്തേക്കെങ്കിലുമാക്കി കുറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടു. തറവാടകയും പരസ്യ ലൈസൻസ് ഫീസും ഈടാക്കുകയും ഫീസിൽ വർഷാവർഷം 10 ശതമാനം വർധനവ് വരുത്തുന്നുണ്ടെന്നും ഡെപ്യൂട്ടി മേയർ മീര ദർശക് മറുപടി പറഞ്ഞു.

33000 തെരുവ് വിളക്ക് എൽ.ഇ.ഡിയാക്കി
തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന പദ്ധതി 14 വാർഡുകളിൽ മാത്രമേ തുടങ്ങാത്തതുള്ളൂവെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്ൺ ടി.വി ലളിത പ്രഭ പറഞ്ഞു. 39600 വിളക്കുകളാണ് എൽ.ഇ.ഡിയിലേക്ക് മാറ്റുന്നത്. അതിൽ 33000ഓളം വിളക്കുകൾ മാറ്റിക്കഴിഞ്ഞു. ബാക്കിയുള്ളവ 10 ദിവസം കൊണ്ട് മാറ്റാവുന്നതാണെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. കമ്പനിക്ക് കൂടുതൽ സമയം വേണമെങ്കിൽ നൽകാവുന്നതാണെന്ന് മേയർ അറിയിച്ചു.
നഗരസഭയുടെ അഭയം ഭവന പദ്ധതിയിൽ 13 കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന വിവരം കൗൺസിൽ ഇതുവരെ അറിഞ്ഞില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. അഭയം പദ്ധതിയിൽ അപേക്ഷകരില്ലാത്തതിനാൽ പദ്ധതിയിലെ തുക പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് നൽകുമെന്ന് മേയർ കൗൺസിലിനെ അറിയിച്ചു. ലൈഫ് പദ്ധതിൽ 140 പേർക്ക് നിർമിക്കുന്ന ഫ്ലാറ്റിെൻറ തറക്കല്ലിടൽ ഉടൻ ഉണ്ടാകുമെന്നും 4500 ഓളം അപേക്ഷകരുണ്ടെങ്കിലും സ്ഥലം ലഭ്യമല്ലാത്തതാണ് വീട് നിർമാണം നടത്താൻ സാധിക്കാത്തതിലുള്ള പ്രശ് നമെന്നും മേയർ വ്യക്തമാക്കി.
2019-20 പ്ലാൻ ഫണ്ടിൽ 90. 21 ശതമാനവും കോർപ്പറേഷൻ വിനിയോഗിച്ചുവെന്ന് മേയർ വ്യക്തമാക്കി. എന്നാൽ 48 ശതമാനം ഫണ്ടിനുള്ള ബില്ലുകൾ മാത്രമേ പാസായിട്ടുള്ളു. അതിനാൽ 2020 -21ലെ പ്ലാൻ ഫണ്ടിൽ നിന്ന് തുക തനതു ഫണ്ടിലേക്ക് മാറ്റാമെന്നും കൗൺസിലിൽ തീരുമാനമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close