ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ വിഷയത്തില്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയിലും പ്രതിപക്ഷ ബഹിഷ്‌കരണം. കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് ലോക്‌സഭയിലും പ്രതിഷേധസ്വരം ഉയര്‍ന്നത്.
കോണ്‍ഗ്രസിന്റെ ലോക്‌സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗദരിയാണ് ബില്‍ വീണ്ടും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ബില്ല് പിന്‍വലിച്ചാല്‍ സഭ തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.
എന്നാല്‍, ലോക്‌സഭയില്‍ മണിക്കൂറുകളോളം ചര്‍ച്ച ചെയ്ത ശേഷമാണ് ബില്‍ രാജ്യസഭയിലെത്തിയതെന്നും. അവിടെ ഉണ്ടായ എതിര്‍പ്പ് ഏറ്റുപിടിച്ച് ലോക്‌സഭയില്‍ വീണ്ടും കാര്‍ഷിക ബില്‍ വിഷയം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ ഓം ബിര്‍ള നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.