പയ്യന്നൂർ : ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖക്ക് സര്‍ക്കാര്‍ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഉത്തരവിനെതിരെ ചിത്രലേഖയുടെ പ്രതിഷേധം.
സി.പി.എം ശക്തി കേന്ദ്രമായ എടാട്ട് ജീവിക്കാനും തൊഴിലെടുക്കാനും പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് 2014 ല്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നാല് മാസത്തോളം ചിത്രലേഖ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു. പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചിറക്കല്‍ പഞ്ചായത്തില്‍ ചിത്രലേഖക്ക് അഞ്ച് സെന്റ് ഭൂമിയും വീടിനുള്ള 5 ലക്ഷം രൂപയും അനുവദിച്ചത്. ഇതാണ് ഈ സര്‍ക്കാര്‍ റദ്ദാക്കിയതായി ഉത്തരവിറക്കിയത്.
തന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കാതെ നിരന്തരമായി വേട്ടയാടുമ്പോഴാണ് ഇപ്പോള്‍ നല്‍കിയ സ്ഥലത്തിന് തൊട്ടടുത്ത് ലൈഫ് മിഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഒരു പട്ടിക ജാതിക്കാരിയായ തന്നെ നിരന്തരം പലായനം ചെയ്യിക്കുന്ന ഇടതു പക്ഷ സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ താനും കുടുംബവും പ്രതിഷേധിക്കുന്നതായും ചിത്രലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ വീട് നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ പഴയ ഉത്തരവ് റദ്ദാക്കിയത്. ഇതോടെ നിര്‍മാണം നിലക്കുകയായിരുന്നു. ഈ വീടിന് മുമ്പില്‍ ഇരുന്നാണ് ഇപ്പോൾ ചിത്രലേഖ പ്രതിഷേധിക്കുന്നത്.