KERALAlocaltop news

തളി ജൂബിലിഹാൾ പുനര്‍നാമകരണത്തിനെതിരെ ജനകീയ പ്രതിഷേധം

കോഴിക്കോട്: പൈതൃകത്തിന്റെ വേരുകളെയും സ്വാതന്ത്ര്യ സമരസ്മൃതികളെയും തകര്‍ത്ത് തളിയുടെ തനിമ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ബഹുജനസദസ്സ്. തളി ക്ഷേത്രപരിസരത്ത് ഇന്നലെ ചേര്‍ന്ന സമ്മേളനത്തില്‍ സാമൂതിരി രാജാവിന്റെ പ്രതിനിധികളും സാംസ്‌കാരികനായകന്മാരും സാമുദായിക സംഘടനാ നേതാക്കളും തളി ദേവസ്വമടക്കം വിവിധ ക്ഷേത്രസമിതി ഭാരവാഹികളും പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വര്‍ഷത്തിന്റെ സ്മരണയ്ക്കായി നാമകരണം ചെയ്ത തളി സ്വാതന്ത്യ സുവര്‍ണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റരുതെന്ന് യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വര്‍ഷത്തിന്റെ സ്മരണയക്ക് പണിത കെട്ടിടത്തിന്റെ പേര് എഴുപത്തിയഞ്ചാം വര്‍ഷം മാറ്റുന്നത് പരിഹാസ്യമാണ്. പുതുതായി നിര്‍മ്മിക്കുന്ന തളി പാര്‍ക്കിന് കവി ആര്‍.രാമചന്ദ്രന്റെ പേരിടണമെന്നും യോഗം കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.
തളി സാമൂതിരി രാജയുടെ മാനേജര്‍ ടി. ആര്‍. രാമവര്‍മ്മ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പൈതൃകം, സംസ്‌കാരം എന്നിവയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ഇതിനെ ബോധപൂര്‍വ്വം നശിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തളിയുടെ സാംസ്‌കാരിക പാരമ്പര്യത്തെ നിലനിര്‍ത്താനാണ് ഭരണാധികാരികള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാള വിഭാഗം അദ്ധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിന്റെ സ്മരണകളെ വികൃതമാക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും ഭരണകൂടം സ്ഥലകാല ഔചിത്യം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പൈതൃകം എന്ന വാക്കിന്റെ അര്‍ത്ഥം മേയര്‍ നിഘണ്ടു നോക്കി പഠിക്കണമെന്നും റിട്ട. എസ്.പി. എന്‍.സുഭാഷ് ബാബു പറഞ്ഞു. തളിയുടെ താല്‍പര്യത്തെ പിന്തുണയ്ക്കാത്ത സ്ഥലം കൗണ്‍സിലര്‍ മാപ്പു പറയണം അദ്ദേഹം ആവശ്യപ്പെട്ടു. ജനഹിതം എന്തെന്ന് ഭരണകൂടവും കോര്‍പ്പറേഷനും തിരിച്ചറിഞ്ഞില്ലെന്നതിന്റെ ഉദാഹരണമാണ് അന്യായമായ പേരുമാറ്റമെന്ന് അഡ്വ. ഗോവിന്ദ് ചന്ദ്രശേഖരന്‍ പറഞ്ഞു. തളിയുടെ മഹത്പാരമ്പര്യത്തെ നിലനിര്‍ത്താന്‍ പൊതുജനാഭിപ്രായം ഉയരണം. തളിയെ അപമാനിക്കുന്നതിന് തുല്യമാണ് കോര്‍പ്പറേഷന്റെ നീക്കം അദ്ദേഹം പറഞ്ഞു.
കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, ടി. റെനീഷ്, സി.സത്യഭാമ, കോഴിക്കോട് പൈതൃക കര്‍മ്മസമിതി ചെയര്‍മാന്‍ വത്സന്‍ നെല്ലിക്കോട് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.ബാലകൃഷ്ണന്‍ ഏറാടി, സി.എസ്. ഗോപാലകൃഷ്ണന്‍, കൃഷ്ണകുമാര്‍,താമരക്കുളം വാസുദേവന്‍ നമ്പൂതിരി, സുനില്‍കുമാര്‍, അരുണ്‍ രാംദാസ്നായ്ക്, ലക്ഷ്മി ഗണേഷ്, ആര്‍.രജനികാന്ത്, പുഷ്പമല്ലര്‍, ബി.സെല്‍വരാജ്, പി. രമണീഭായ്, രാഘവന്‍ കെ.വി, കെ. ഷൈനു, കെ.ജി. സുബ്രഹ്‌മണ്യന്‍, പി.ദയാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. മധു ആമുഖ പ്രസംഗം നടത്തി. കെ.പി. ഗുരുദാസ് തുടര്‍ പരിപാടികള്‍ പ്രഖ്യാപിച്ചു. 26 ന് വൈകീട്ട് 6.30 ന് ജനകീയ ഗ്രാമസഭ നടക്കും. തീരുമാനത്തില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്മാറിയില്ലെങ്കില്‍ കരിദിനാചരണം, പ്രതിരോധ സംഗമം എന്നിവ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close