കോഴിക്കോട്: ഡി എഫ് ഒ യെ കരിങ്കൊടി കാണിച്ചതിന്റ പേരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ലാ കേസ് ഉടന്‍ പിന്‍വലിക്കണമെന്ന് കര്‍ഷക ജനരക്ഷാസമതി ചെയര്‍മാന്‍ അഡ്വ. ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
താമരശ്ശേരി ഫോറസ്റ്റ് റൈഞ്ച് ഓഫീസിന് പുറത്ത് ഡിഎഫ്ഒയെ കരിങ്കൊടി കാണിച്ച അഡ്വ. ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട്, ഫസല്‍ കാരാട്ട്, ജാസില്‍ പുതുപ്പാടി, ബേബി തോമസ് എന്നിവര്‍ക്കെതിരെ അക്രമം നടത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് സിപിഐഎമ്മിനുവേണ്ടി ഡിഎഫ്ഒ നടത്തിയ വിടുവേലയും കള്ളക്കേസുമാണ്. കരട് വിഞ്ചാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് ശേഷം സിപിഎമ്മിന്റെ വക്കാലത്ത് ഏറ്റെടുത്ത് ഫോറസ്റ്റ് ഓഫീസില്‍ സിപിഐഎം പഞ്ചായത്ത് പ്രസിഡണ്ടുമാരെയും സിപിഐഎം നേതാക്കളെയും മാത്രം ഉള്‍പ്പെടുത്തി യോഗം കൂടിയ ഡിഎഫ്ഒ കര്‍ഷക ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള ഗൂഡാലോചന നടത്തുകയായിരുന്നു. ഈ ഗൂഡാലോചന വിലപ്പോവില്ല. കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയ നടപടി പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. കള്ളക്കേസിനെതിരെ നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കും. കള്ളക്കേസ് എടുക്കാന്‍ നേതൃത്വം കൊടുക്കുന്ന ഡിഫ്ഒക്ക് കര്‍ഷക ജനതയുടെ ചൂട് അറിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.