KERALAMOVIESOtherstop news

ദേവരാജന്‍ മാഷ് ക്ഷണിച്ചു, എസ് പി ബി മലയാളത്തിലും പാടി! അവസാന പാട്ട് യേശുദാസിനൊപ്പം

എസ് പി ബി എന്ന മൂന്നക്ഷരം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തെലുങ്കിലും തമിഴിലും സ്വരമാധുര്യം കൊണ്ട് ശ്രോതാക്കളുടെ പ്രിയ ഗായകനായി മാറിയ എസ് പി ബി മലയാളത്തെയും അനുഗ്രഹിച്ചിട്ടുണ്ട്.
ജി ദേവരാജന്‍ മാഷിന്റെ ക്ഷണം സ്വീകരിച്ച് 1969 ലാണ് എസ് പി ബാലസുബ്രഹ്മണ്യം ആദ്യമായി മലയാളത്തിലേക്കെത്തുന്നത്. പ്രേംനസീര്‍ അഭിനയിച്ച കടല്‍പ്പാലം എന്ന സിനിമയില്‍ വയലാര്‍ എഴുതിയ പാട്ട് പാടാനായിരുന്നു ദേവരാജന്‍ മാസ്റ്റര്‍ ക്ഷണിച്ചത്. അതൊരു തുടക്കമായിരുന്നു. പിന്നീട് ശങ്കരാഭരണം മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിയപ്പോള്‍ എസ് പി ബിയുടെ ശബ്ദം സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി.
എ ആര്‍ റഹ്മാന്റെ അച്ഛന്‍ ആര്‍ കെ ശേഖറിന്റെ നീല സാഗര തീരം ആയിരുന്നു മലയാളത്തിലെ രണ്ടാമത്തെ ഗാനം. കെ രാഘവന്‍ മാഷിന് വേണ്ടി കവിത എന്ന ചിത്രത്തിലും പാടി.
1977 ല്‍ ചിലങ്കയിലും എസ് പി ബിയുടെ ശബ്ദവീചികള്‍ മലയാളക്കര ആസ്വദിച്ചു. എന്നാല്‍, സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത എസ് പി ബി ശങ്കരാഭരണത്തിലെ കര്‍ണാടക സംഗീതം അത്ഭുതപ്പെടുത്തുന്ന സ്വരമാധുരിയില്‍ പാടിയത് ചര്‍ച്ച ചെയ്യപ്പെട്ടു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ക്ലാസിക്, ഫാസ്റ്റ് നമ്പര്‍ പാട്ടുകളിലൂടെ എസ് പി ബി മലയാളികളുടെ നെഞ്ചില്‍ ചിരപ്രതിഷ്ഠ നേടി. കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഡാര്‍ലിംഗ് ഡാര്‍ലിംഗിലെ ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്തിലെ വാനം പോലെ വാനം മാത്രം, ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണം, ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ, റാംജി റാവു സ്പീക്കിംഗിലെ കളിക്കളം ഇത് കളിക്കളം, അനശ്വരത്തിലെ താരാപഥം ചേതോഹരം, ഗീതാഞ്ജലിയിലെ ഓ പ്രിയേ പ്രിയേ എന്നീ ഗാനങ്ങളും എസ് പി ബി മലയാളത്തിന് സമ്മാനിച്ചു.
2018 ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിലാണ് എസ് പി ബി അവസാനമായി മലയാളത്തില്‍ പാടിയത്. എം ജയചന്ദ്രന്റെ സംഗീതത്തില്‍ അയ്യാ സാമി എന്ന ഗാനം യേശുദാസിനൊപ്പമായിരുന്നു ആലപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close