അമ്പലവയല്‍: കാര്‍ മോഷ്ടിച്ച കള്ളനെ സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്ന് ഉടമയും സംഘവും പിടികൂടി. ഷോറൂമില്‍ സര്‍വീസിന് നല്‍കിയ കാര്‍ ഇന്നോവ കാര്‍ മോഷ്ടിച്ച ബെംഗളുരു ന്യൂതുരത്തന്‍ പാളയം ജനാര്‍ദ്ദന സ്‌കൂളിന് സമീപം നസീര്‍(56) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബത്തേരി അമ്മായിപ്പാലം സ്വദേശി കാക്കവയലിലെ ഷോറൂമില്‍ സര്‍വീസിന് നല്‍കിയ വാഹനമാണ് മോഷ്ടാവ് തന്റെ വരുതിയിലാക്കിയത്. ഷോറൂമിന് പുറത്ത് താക്കോല്‍ സഹിതം കിടന്നത് ശ്രദ്ധയില്‍ പെട്ടതാണ് കള്ളന് കാര്യങ്ങള്‍ എളുപ്പമാക്കിയതെന്ന് പോലീസ് പറയുന്നു.
അമിതവേഗം കള്ളന് വിനയായി…
മോഷ്ടിച്ച കാറുമായി ദേശീയപാതയിലൂടെ അമിത വേഗത്തില്‍ പായുമ്പോള്‍ മോഷ്ടാവും വാഹനവും കൃഷ്ഗിരിയില്‍ പരിശോധന നടത്തുകയായിരുന്ന പോലീസിന്റെ ഇന്റര്‍സെപ്റ്ററില്‍ പതിഞ്ഞു ഇതോടെ, ഉടമയുടെ ഫോണിലേക്ക് പോലീസ് വിളിച്ചു. സര്‍വീസിന് കൊടുത്ത വണ്ടി ഓവര്‍സ്പീഡിന് പിടിച്ചതറിഞ്ഞ് ഉടമ ഷോറൂമില്‍ ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണറിഞ്ഞത് കാര്‍ ആരോ മോഷ്ടിച്ചതാണെന്ന്.
കള്ളനെ പിടിക്കാന്‍ ഉടമ തന്നെയിറങ്ങി…
കാര്‍ മോഷ്ടിക്കപ്പെട്ട വിവരം പോലീസിനെ അറിയിച്ച ഉടമ മറ്റൊരു കാറില്‍ കള്ളനെ പിടിക്കാനിറങ്ങി. തന്റെ കണ്‍മുന്നിലൂടെ കള്ളന്‍ ചീറിപ്പാഞ്ഞുപോകുന്നത് കണ്ട ഉടമ ഞെട്ടി. ആയിരം കൊല്ലിയിലെത്തിയപ്പോള്‍ സമീപത്തെ ചെറിയ റോഡിലേക്ക് കയറ്റി വാഹനം തിരിക്കാന്‍ ശ്രമിച്ച കള്ളന്‍ സമീപത്തെ ബൈക്കുകള്‍ ഇടിച്ചിട്ടു. റോഡിന് സമീപത്തെ പൈപ്പുകള്‍ക്ക് മുകളിലൂടെ അതിവേഗത്തില്‍ കാറുമായി കടന്നു കളഞ്ഞു.
ഉടമയും സുഹൃത്തുക്കളും ചേസ് ചെയ്തു..
ഉടമയും ടീംസും വിടാന്‍ ഭാവമില്ലായിരുന്നു. സിനിമാ സ്റ്റൈലില്‍ അവര്‍ മോഷ്ടാവിന്റെ പിറകെ കാറില്‍ കുതിച്ചു. ഒടുവില്‍ വടുവന്‍ ചാലില്‍ മേപ്പാടി റോഡില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിനടുത്ത് മറ്റു വാഹനങ്ങളുടെ ഇടയില്‍ മോഷ്ടിച്ച വാഹനം നിര്‍ത്തിയിട്ട് നസീര്‍ ഒളിച്ചു. ഒരാള്‍ അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് കയറിപ്പോകുന്നതായി കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ സൂചന നല്‍കിയതനുസരിച്ച് കെട്ടിടത്തിനുള്ളില്‍ അരിച്ചു പെറുക്കി.
കൈയ്യില്‍ കിട്ടി, ആള് ബോധം കെട്ടു!
താന്‍ പിടിക്കപ്പെട്ടുവെന്ന് കണ്ടപ്പോള്‍ നസീറിന് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ബോധരഹിതനായി അഭിനയിച്ചു കിടന്നു. തല്ല് കിട്ടുന്നത് ഒഴിവാക്കാനുള്ള അഭിനയമായിരുന്നുവെന്ന് പോലീസ് എത്തിയപ്പോഴാണ് ഉടമക്കും സുഹൃത്തുക്കള്‍ക്കും മനസിലായത്. പോലീസ് എത്തിയതോടെ മോഷ്ടാവിന് ബോധം വന്നു. മീനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
അത്താണിക്കലിലും കാര്‍ മോഷ്ടിച്ചു…
അത്താണിക്കലിലെ വാഹന ഷോറൂമില്‍ നിന്ന് ആഡംബര കാര്‍ മോഷ്ടിച്ചതും നസീര്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഷോറൂമിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് എലത്തൂര്‍ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. 35 ലക്ഷം രൂപ വിലമതിക്കുന്ന കാറാണ് മോഷണം പോയത്. കാറില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് വഴിയാണ് കാര്‍ വയനാട്ടില്‍ എത്തിയതായി വിവരം ലഭിച്ചത്. പോലീസ് പിറകെയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ കാര്‍ കല്‍പ്പറ്റയില്‍ ഉപേക്ഷിച്ച് മോഷ്ടാവ് താക്കോലുമായി കടന്നു കളഞ്ഞു.