KERALAlocaltop news

ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്, പ്രോട്ടോക്കോള്‍ ലംഘനം! പലതരം കഥകള്‍ പ്രചരിപ്പിക്കുന്നു – മറുപടി നല്‍കി സ്മിത മേനോന്‍

കോഴിക്കോട്:കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്ത അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് സംബന്ധിച്ച് തനിക്കെതിരെ കുപ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണെന്ന് പി ആര്‍ പ്രൊഫഷണലായ സ്മിത മേനോന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സ്മിത തനിക്കെതിരെ ഉയര്‍ന്നു വന്ന പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരന്‍ പങ്കെടുത്ത ഒരു അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ എന്നെ കണ്ടതിന് ഫേസ്ബുക്ക് പ്രോഫൈലില്‍ നിന്ന് ചില പഴയ ഫോട്ടോകള്‍ തപ്പിയെടുത്ത് പല തരം കഥകളുണ്ടാക്കി കുറച്ചു നാളായി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ആ ഫോട്ടോകളുടെ സത്യാവസ്ഥ മാധ്യമ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ചും എന്നെ അറിയുന്ന കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം നന്നായി അറിയാം. അതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.
എന്നെ നേരിട്ട് അറിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ ഇന്നലെ വിളിച്ചപ്പോള്‍ ഞാന്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പറഞ്ഞ മറുപടി പൂര്‍ണ്ണമായും കൃത്യമായും മാധ്യമങ്ങളില്‍ വരാത്തതു കൊണ്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്.
അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ (IORA) പരിപാടിയുടെ സമാപന ദിവസം ഞാന്‍ പത്രക്കുറിപ്പ് തയ്യാറാക്കാന്‍ ഇരിക്കുന്നതും പിന്നീട് അപ്രൂവല്‍ വാങ്ങുന്നതുമായ ഫോട്ടോകളാണ് അവ. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള വ്യാപാരവും, ടൂറിസവും ശക്തമാക്കാന്‍ നടത്തുന്ന സമ്മേളനമാണ്. പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുള്ള പരിപാടിയായിരുന്നു അത്.
മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (MCJ) പോസ്റ്റ് ഗ്രാജുവേറ്റായ ഞാന്‍ 2007 മുതല്‍ കൊച്ചിയില്‍ പി.ആര്‍ ഏജന്‍സി നടത്തുന്നുണ്ട്. കൂടുതലും ശാസ്ത്ര, ബിസിനസ് കോണ്‍ഫ്രന്‍സുകള്‍ക്ക് പി.ആര്‍ ചെയ്യുന്ന എനിക്ക് ഒരു പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലക്ക് വേണ്ടതിലധികം സ്‌നേഹവും പിന്തുണയും മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ഒന്നും തന്നെ ഒരിക്കലും അതിന് തടസ്സമായിട്ടില്ല. സുതാര്യതയില്ലാതെ ഇന്നെവരെ പ്രവര്‍ത്തിച്ചിട്ടില്ല.
മേല്‍ പറഞ്ഞ പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പി. ആര്‍ റിപ്പോര്‍ട്ടിങ് ചെയ്യാന്‍ ഒരു അവസരം തരുമോ എന്ന് മുരളിയേട്ടനോട് ചോദിച്ചു. ഒരു അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് ചെയ്യാന്‍ അവസരം കിട്ടുമല്ലോ എന്ന് കരുതിയാണ് ചോദിച്ചത്.
മീഡിയ എന്‍ട്രി ഉണ്ടോ എന്ന് അന്യേഷിച്ച ശേഷം സമാപന ദിവസം വന്നോളാന്‍ അനുവാദം തന്നു.
ഞാന്‍ സ്വന്തം ചെലവില്‍ കൊച്ചിയില്‍ നിന്ന് പോയത്. കൊച്ചി ബ്യൂറോയിലെ മിക്ക മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞിട്ടാണ് പോയത്. അവരാണ് എനിക്ക് അവിടുത്തെ കറസ്‌പോണ്‍ഡന്റ്‌സിന്റെ നമ്പറുകള്‍ തന്നത്. സമാപന ദിവസം ഞാന്‍ ചെന്നപ്പോള്‍ ഗള്‍ഫ് ന്യൂസ്’, റോയിട്ടേഴ്‌സ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡെ എന്നിവ അവിടെ ഉണ്ട്. രണ്ടു ദിവസമായി അവര്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ ചാനലുകളും സമാപന ദിവസം വന്നു കവര്‍ ചെയ്തു.
എന്റെ ചേട്ടനും ഭാര്യയും ദുബായില്‍ ഡോക്ടര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ന്യൂസ് തയ്യാറാക്കി അയച്ചുകൊടുത്ത ശേഷം ഞാന്‍ ചേട്ടന്റെ വീട്ടില്‍ രണ്ട് ദിവസം താമസിച്ച് തിരിച്ചു പോന്നു. ഫോട്ടോ തിരയുന്നവര്‍ക്ക് ആ ഫോട്ടോകളും കാണാം.
ഞാന്‍ അന്ന് കൊടുത്ത പ്രസ് റിലീസ് ഇവിടുത്തെ മാധ്യമങ്ങളുടെ മെയില്‍ ബോക്‌സില്‍ കാണും. ന്യൂസ് ഗൂഗിള്‍ ചെയ്താല്‍ കിട്ടും. സര്‍ക്കാറിന് ചെലവോ എന്തെങ്കിലും ബാദ്ധ്യതയോ ഇന്നേവരെ ഞാന്‍ ഉണ്ടാക്കിയിട്ടില്ല.
ഈ യാത്രയാണ് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്, പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങി പല കഥകളായി പ്രചരിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയും ചിലര്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കുഴപ്പമില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും.
എന്റെ തൊഴിലാണ് ഞാന്‍ ചെയ്തത്. സത്യം ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാം. എനിക്ക് അത്രയും മതി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close