INDIAKERALAlocaltop news

എലത്തൂര്‍  ട്രെയിൻ തീവയ്പ് കേസ് : ഹാൻഡ്ലറെ തേടി കേന്ദ്രഏജന്‍സികള്‍

ഠ ന്യൂക്ലിയര്‍ ഗ്രൂപ്പുകളിലേക്ക് അന്വേഷണം

കെ. ഷിന്റുലാല്‍

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ ഷാറൂഖ് സെയ്ഫിയെ
നിയോഗിച്ച ഹാന്‍ഡലറെ തേടി അന്വേഷണ ഏജന്‍സികള്‍. ഷാറൂഖിനെ പിടികൂടിയ സമാനരീതിയില്‍ ട്രെയിന്‍ തീവയ്പ്പിന് ആസൂത്രണം നടത്തിയ ഹാന്‍ഡലറെ തിരിച്ചറിയാനും പിടികൂടാനുമാണ് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ശ്രമിക്കുന്നത്.
ട്രെയിന്‍ തീവയ്പ്പിനെ തുടര്‍ന്ന് മരിച്ചവരുമായും മറ്റും ഷാറൂഖിന് വ്യക്തപരമായ ബന്ധങ്ങളില്ലെന്നാണ് ഇതുവരേയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. ഇതോടെയാണ് ഷാറൂഖിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹാന്‍ഡലറിലേക്ക് അന്വേഷണം നടക്കുന്നത്. ഷാറൂഖിന്റെ മൊഴി കാത്തിരിക്കാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹാന്‍ഡ്‌ലറെ കണ്ടെത്തുകയെന്നതാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിനകത്തെ നിരോധിത തീവ്രവാദ സംഘടനകളിലെ അംഗമാണോ അല്ലെങ്കില്‍ ഷഹീന്‍ബാഗിലെ തന്നെ ഏതെങ്കിലും പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളിലെ നേതാവാണോയെന്നതില്‍ വ്യക്തതയില്ല. സിഐഎ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഫണ്ടുകള്‍ നിരോധിത സംഘടന ശേഖരിച്ചത് ഷാരൂഖ് സെയ്ഫിയുടെ പ്രദേശമായ ഷഹീന്‍ബാഗിലാണ്.

ഇവിടെ ചെറുതും വലുതുമായ നിരവധി മത തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കളില്‍ പലരും ഇത്തരം സംഘടനകളിലേക്ക് ആകൃഷ്ടരാവാനുള്ള സാധ്യതകളേറെയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘടനകളിലേതെങ്കിലുമായി ഷാറൂഖിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. യുവാക്കളുടെ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ട്രെയിന്‍ തീവയ്പ്പ് പോലുള്ള ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യാനും അവ നടപ്പാക്കാനുമുള്ള സാധ്യതകളുമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമേ ഇതര സംസ്ഥാനങ്ങളില്‍ വേരോട്ടമില്ലാത്ത ന്യൂക്ലിയര്‍ ഗ്രൂപ്പുകളിലുള്ള യുവാക്കളെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്ത് വേരോട്ടമുള്ള ഏതെങ്കിലും തീവ്രവാദ സംഘടനകളിലുള്ളവര്‍ നടത്തിയ ഓപ്പറേഷനാണോയെന്നും അന്വേഷിക്കുന്നുണ്ട്.

ഷഹീന്‍ബാഗില്‍ നിന്ന് ഓപ്പറേഷനായി കോഴിക്കോട് തെരഞ്ഞെടുത്തതിന് പിന്നിലുള്ള കാരണവും സംശയാസ്പദമാണ്. ഇരട്ട സ്‌ഫോടനമുള്‍പ്പെടെ തീവ്രവാദ സ്വഭാവമുള്ള ഓപ്പറേഷനുകള്‍ക്ക് കോഴിക്കോട് നേരത്തെയും ചില സംഘടനകള്‍ തെരഞ്ഞെടുത്തിരുന്നു. കൂടാതെ ട്രെയിന്‍ അട്ടിമറി ശ്രമമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഇതിന് മുമ്പും വടക്കന്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ഇക്കാരണങ്ങള്‍ നിലനില്‍ക്കെയാണ് ഷാറൂഖിന് പിന്നിലെ ഹാന്‍ഡലറെ കണ്ടെത്താന്‍ സംയുക്ത അന്വേഷണം നടക്കുന്നത്. ചില സൂചനകൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചതായാണറിവ്. എന്നാൽ കേരള പോലീസിന്റെ അന്വേഷണ സംഘത്തിലെ പ്രമുഖൻ മുൻപ് സ്വർണകടത്ത് കേസിൽ ആരോപണ വിധേയനായതിനാൽ, അതീവ രഹസ്യമായാണ് കേന്ദ്ര ഏജൻസികളുടെ നീക്കമെന്ന് അറിയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close