ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമുണ്ടാകും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ നിരവധി കത്തുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ് എ ഒ) എഴുപത്തഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 75 രൂപയുടെ നാണയം അനാച്ഛാദനം ചെയ്തു കൊണ്ട് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി.
നിലവില്‍ രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടും ആണ്‍കുട്ടികളുടേത് 21 വയസുമാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി കത്തുകളാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നത് ആലോചിക്കുമെന്നും സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ തന്നെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.