വാഷിംഗ്ടണ്‍: കോവിഡ്19 മുക്തനായ ശേഷം പൊതുപരിപാടികളില്‍ മാസ്‌കില്ലാതെ പ്രത്യക്ഷപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ലോക്ക് ഡൗണ്‍ ഭരണഘടനാ വിരുദ്ധമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എന്‍ ബി സി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലാണ് കോവിഡ് പ്രതിരോധത്തിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഭരണഘടനാവിരുദ്ധമെന്ന് ട്രംപ് പറഞ്ഞത്. ലോക്ക്ഡൗണാക്കിയാലൊന്നും വൈറസിനെ തടയാന്‍ സാധിക്കില്ല. നവംബര്‍ നാലിനകം ഇവിടെയുള്ള ഗവര്‍ണര്‍മാര്‍ക്കെല്ലാം കൊവിഡ് വരും – ടൗണ്‍ഹാളിലെ ചടങ്ങില്‍ ട്രംപ് പറഞ്ഞു.
മാസ് ധരിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പഴയ നിലപാടില്‍ തന്നെയായിരുന്നു ട്രംപ്. മാസ്‌ക് ധരിച്ചാലും ഇല്ലെങ്കിലും കോവിഡ് വരും. മാസ്‌ക് ധരിച്ച എത്ര ആളുകള്‍ക്കാണ് കോവിഡ് വന്നിരിക്കുന്നത്. നിങ്ങള്‍ വിര്‍ജിനിയയിലെ ഗവര്‍ണറെ നോക്കൂ, മാസ്‌ക് ധരിക്കുന്നതില്‍ പ്രധാനിയാണ്. നിങ്ങള്‍ തോം ടിലിസിനെ നോക്കൂ, എപ്പോഴും മാസ്‌കുണ്ടാകും, അയാള്‍ക്കും കോവിഡ് വന്നില്ലേ – ട്രംപ് മറുചോദ്യം ഉന്നയിച്ചു.
നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, പ്രസിഡന്റായ തനിക്ക് എപ്പോഴും വൈറ്റ് ഹൗസിലെ മുറിയില്‍ അടച്ച് പൂട്ടിയിരിക്കാന്‍ കഴിയില്ല. ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതായി വരും. ചൈനയില്‍ നിന്നാണ് ഈ വൈറസ് വന്നതെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നു. താനാരെയും കുറ്റപ്പെടുത്തുകയല്ല, ഈ വൈറസിനെ തുരത്താന്‍ എല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം- ട്രംപ് പറഞ്ഞു.
ഒക്ടോബര്‍ ഒന്നിനാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് രാത്രിയും നാല് പകലും സൈനികാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ട്രംപ് താന്‍ സൂപ്പര്‍മാനായി മാറിയെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് വീണ്ടും പൊതുചടങ്ങുകളില്‍ സാന്നിധ്യം അറിയിച്ചത്.