KERALAlocaltop news

എം.കെ. രാഘവന് കോഴിക്കോട്ട് നാലാമൂഴം

 

കോഴിക്കോട് :

മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ പേരെടുത്ത എം.കെ രാഘവന്‍ ജനകീയ എംപി എന്ന പരിവേഷത്തോടെ നാലാം വട്ടം കോഴിക്കോട് ജനവിധി തേടുന്നു.
നിലവില്‍ സോണിയാഗാന്ധി അധ്യക്ഷയായ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. പെട്രോളിയം നാച്ചുറല്‍ ഗ്യാസ്, ഗവണ്‍മെന്റ് അഷ്വറന്‍സ് എന്നീ പാര്‍ലമെന്റ് സമിതികളില്‍ അംഗമാണ്. വിദേശകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി അംഗം, സില്‍ക്ക് ബോര്‍ഡ് അംഗം, എഫ്‌സിഐ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.
2009-ല്‍ എം.കെ രാഘവന്‍ ലോക്‌സഭയിലേക്കുള്ള കന്നി അങ്കത്തില്‍ അന്നത്തെ എതിരാളി നിലവിലെ പൊതുമരാമത്ത് മന്ത്രിയായ പി.എ മുഹമ്മദ് റിയാസിനെ 838 വോട്ടുകള്‍ക്ക് കീഴടക്കിയാണ് കോഴിക്കോട് നിന്ന് അട്ടിമറി ജയം സ്വന്തമാക്കിയത്. പയ്യന്നൂരില്‍ ജനിച്ച എം.കെ രാഘവന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. അറിയപ്പെടുന്ന സഹകാരിയും സംഘാടകനുമാണ്. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഡിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷം കെപിസിസി ജോയിന്റ് സെക്രട്ടറിയായി. തുടര്‍ന്ന് രണ്ടുതവണയായി 12 വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറിയായി, കോഴിക്കോട് ജില്ലയുടെ ചുമതല വഹിക്കുമ്പോളാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചത്. 2014ല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ എ.വിജയരാഘവനെ 16.883 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2019 ല്‍ സിപിഎം ന്റെ ജനകീയ മുഖമായിരുന്ന എ.പ്രദീപ്കുമാറിനെ 85,225 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ജനകീയത വര്‍ധിപ്പിച്ചു. ഇന്ത്യൻ പാർലമെൻ്റിൽ 1067 ചോദ്യങ്ങളും 34 സ്വകാര്യ ബില്ലുകളും അവതരിപ്പിച്ച എം.കെ രാഘവൻ 164 ചർച്ചകളിൽ പങ്കാളിയായി കോഴിക്കോടിൻ്റെ ശബ്ദം കേൾപ്പിക്കുകയും സർക്കാറിനെതിരെ പ്രതിരോധമുയർത്തിയതിന് വിവിധ അവസരങ്ങളിൽ
സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തു.

സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ എയ്ഡഡ് കോളേജായ മാടായി സഹകരണ കോളേജ് ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ സ്ഥാപിച്ച് സഹകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ അലങ്കരിച്ച് പ്രാഗല്ഭ്യം തെളിയിച്ചു. ‘വീക്ഷണം’ മുന്‍ ഡയറക്ടറും ജനശ്രീ സുസ്ഥിര വികസന മിഷന്‍ സ്ഥാപകരില്‍ ഒരാളുമാണ്. ഫെഡറല്‍ ബാങ്ക് ജീവനക്കാരിയായിരുന്ന ഉഷാകുമാരി എം.കെയാണ് ഭാര്യ. ഹൈക്കോടതി അഭിഭാഷകനായ അര്‍ജ്ജുന്‍ രാഘവന്‍, എസ്ബിഐ മാനേജര്‍ അശ്വതി രാഘവന്‍ എന്നിവരാണ് മക്കള്‍.                                           ഇടത് സ്ഥാനാർത്ഥി എളമരം കരീമിനെ നിഷ്പ്രയാസം തോൽപ്പിക്കാൻ രാഘവൻ്റെ ജനസമ്മതി സഹായകമാകുമെന്നാണ് യു ഡി എഫ് നേതൃത്വം. വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങളെ ചിരിച്ചു കൊണ്ട് എതിരേൽക്കുകയും കഴിയുന്നത്ര സഹായം ചെയ്തു കൊടുക്കുകയും ചെയ്യുന്ന നേതാവാണ് രാഘവനെന്ന ഖ്യാതി ഇടതു പാളയത്തിൽ പോലുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close