തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അറസ്റ്റ് നീക്കത്തിന് തടയിടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ ഓണ്‍ലൈനായിട്ട് പേക്ഷ നല്‍കി. അതേ സമയം, ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്.
ശിവശങ്കറിന് ചികിത്സ തുടരണോയെന്നു നിശ്ചയിക്കുന്ന നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് നിര്‍ദേശിച്ചാല്‍ കസ്റ്റംസിന് ശിവശങ്കറിനെതിരെ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ തടസമുണ്ടാകില്ല. അറസ്റ്റ് തന്നെയാകും അടുത്ത നീക്കമെന്ന് വ്യക്തതയുള്ളതിനാലാണ് ശിവശങ്കര്‍ അടിയന്തര സ്വഭാവത്തോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ കസ്റ്റംസ് മറുനീക്കവും ആരംഭിച്ചിട്ടുണ്ട്.