കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ കോവിഡ് കാലത്ത് നടത്തുന്ന പരീക്ഷകള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സിന്‍ഡിക്കേറ്റ് യോഗത്തില്‍ അഭിപ്രായം. സര്‍വകലാശാലക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെടും. പരീക്ഷ സംവിധാനത്തെ അട്ടിമറിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിച്ചെന്നാണ് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ അഭിപ്രായം. ഇവര്‍ക്കെതിരെ പോലിസിന് പരാതി നല്‍കും. സര്‍ക്കാറിന്റെ ശ്രദ്ധയിലും പെടുത്തും.
ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് അന്വേഷിക്കും
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെയും വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജിനെയുമടക്കമുള്ള ഉന്നതരെ ഫോണില്‍ വിളിച്ച് സംഭാഷണം റെക്കോഡ് ചെയ്ത് വാട്സാപ്പിലും ഫേസ് ബുക്ക് ഗ്രൂപ്പിലും പ്രചരിപ്പിച്ചിരുന്നു. വൈസ് ചാന്‍സലറെ പരിഹസിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ സംസാരിച്ചെന്നും ആരോപണമുണ്ട്. കോഴിക്കോട് എ.ഡബ്ല്യു.എച്ച് സ്പെഷ്യല്‍ കോളജില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് ബാധിച്ചെന്ന വിവരത്തെക്കുറിച്ചും അന്വേഷിക്കും.
കാംപസിനകത്ത് പോലിസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും
കോഴിക്കോട് ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കൂട്ടം കൂടി നിന്നവരില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരേക്കാള്‍ കൂടുതല്‍ പേരുണ്ടെന്നാണ് സിന്‍ഡിക്കേറ്റിന്റെ വിലയിരുത്തല്‍. സര്‍വകലാശാല കാംപസിനകത്ത് പോലിസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും സ്ഥാപിക്കാന്‍ 50 സെന്റ് വീതം വിട്ടു നല്‍കുന്നതിന്റെ കരട് ധാരണ പത്രം യോഗം അംഗീകരിച്ചു. ഗവേഷകയുടെ പരാതിയില്‍ ബോട്ടണി അധ്യാപിക ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം തേടും.സസ്പെന്‍ഷനിലുള്ള ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍ സാജിദിന് കുറ്റാരോപണ മെമ്മോ കൊടുക്കാനും തീരുമാനിച്ചു.