കോഴിക്കോട്: പതിറ്റാണ്ടുകളായുള്ള സിപിഎം ഭരണം കോഴിക്കോടിന് നല്‍കിയത് വികസനമുരടിപ്പ് മാത്രമെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍. സിപിഎം നേതൃത്വം നല്‍കുന്ന കോര്‍പറേഷന്‍ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യഗ്രഹം അഞ്ചാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാണിജ്യനഗരമായാണ് ചരിത്രത്തില്‍ കോഴിക്കോടിനെ രേഖപ്പെടുത്തിയിരുക്കുന്നത്. എന്നാല്‍ ഈ പേര് നിലനിര്‍ത്തുന്ന തരത്തിലുള്ള യാതൊരുവിധ പദ്ധതികളും നടപ്പാക്കാന്‍ തുടര്‍ച്ചയായി കോര്‍പറേഷന്‍ ഭരിച്ച സിപിഎമ്മിനായിട്ടില്ല. നഗര വികസനത്തിന് നേതൃത്വം നല്‍കുന്നതിന് പകരം അഴിമതി നടത്താനാണ് അവര്‍ ശ്രമിച്ചത്. ഭരണപക്ഷത്തിന്റെ കഴിവുകേടുകള്‍ക്കെതിരെ പ്രതികരിക്കേണ്ട പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസാകട്ടെ അഴിമതിയുടെ പങ്കുപറ്റുന്നതിനാല്‍ നിശബ്ദത പാലിക്കുകയായിരുന്നു. ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ് നഗരത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. നരേന്ദ്രമോദി സര്‍ക്കാര്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതികള്‍ ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നഗരവികസനം വാക്കില്‍ മാത്രം ഒതുങ്ങുമായിരുന്നു. കുടിവെള്ള പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കല്‍, വീട് നിര്‍മ്മാണം, അഴുക്കുചാല്‍ നവീകരണം, മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍പറേഷന് നല്‍കിയത്. എന്നാല്‍ ഈ പണത്തില്‍ നിന്നും കയ്യിട്ടുവാരാന്‍ ഭരണക്കാര്‍ ശ്രമിച്ചു. കോര്‍പറേഷന്‍ ഭരണക്കാരുടെ അഴിമതിയ്ക്കും കൊള്ളരുതായ്മകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താനുണ്ടായത് ബിജെപി കൗണ്‍സിലര്‍മാരായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍പേരെ ബിജെപി പ്രതിനിധികളായി കൗണ്‍സിലില്‍ എത്തിക്കണം. നഗരത്തിന്റെ സമഗ്രവികസനം ആഗ്രഹിക്കുന്നവര്‍ മുഴുവന്‍ ബിജെപി പ്രതിനിധികളെയും വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ഗിരീഷ് സത്യഗ്രഹം അനുഷ്ഠിച്ചു. ബിജൈപി കോഴിക്കോട് നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി വി. പ്രകാശന്‍ അദ്ധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ശ്യാമപ്രസാദ്, പി. രജിത്ത്കുമാര്‍, ബിജു കുടില്‍തോട്, അനില്‍കുമാര്‍, രാജേശ്വരി അജയ്‌ലാല്‍, പ്രഭാ ദിനേശ്, രവി കുമാര്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് സമാപനപ്രസംഗം നടത്തി.