കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ.സി.എ.ആർ. -ഐ.ഐ.എസ്.ആർ.) ആവിഷ്കരിച്ച വില്പനകേന്ദ്രമായ സ്പൈസറി കർഷകർക്കും സംരംഭകർക്കും പുത്തൻ പ്രതീക്ഷയാകുന്നു. പല തലങ്ങളിലുള്ള ഗുണഭോക്താക്കളെ ഒരുപോലെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഐ ഐ എസ് ആറിന്റെ ചെലവൂർ കേന്ദ്രത്തിൽ ആവിഷ്കരിക്കപ്പെട്ട സ്പൈസറി കർഷകർ, സംരംഭകർ, ഉപഭോക്താക്കൾ തുടങ്ങിയവർക്കിടയിൽ ഒരു ലിങ്കേജ് പോയിന്റ് ആയി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.
വില്പനകേന്ദ്രം എന്നതിലുപരി കർഷകർക്കും സ്റ്റാർട്ടപ്പ്കൾക്കും ഇടയിൽ ഒരുകണ്ണിയായി പ്രവർത്തിച്ച് കർഷകർക്ക് മികച്ചവിലയും ഉപഭോക്താക്കൾക്ക് ന്യായമായ വിലക്ക് മായം ചേർക്കാത്ത സുഗന്ധവ്യഞ്ജനങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും സ്പൈസറി ഉറപ്പുവരുത്തുന്നു.
ഐ ഐ എസ് ആറിന്റെ സേവനങ്ങളും ഉത്പന്നങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന ഒരു ഏകജാലക സംവിധാനമായാണ് സ്പൈസറി പ്രവർത്തിക്കുന്നതെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് ജെ. ഈപ്പൻ പറഞ്ഞു. ഐ.ഐ.എസ്. ആർ ഉറപ്പുവരുത്തുന്ന ഭക്ഷ്യ സുരക്ഷയും ഗുണമേന്മയും സ്പൈസറി മുദ്രണം ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലഭ്യമായ കണക്കുകൾ പ്രകാരം ഇരുപത്തിഅഞ്ചിലധികം സ്റ്റാർട്ടപ്പുകളും നിരവധി കർഷകരും നിലവിൽ സ്പൈസറിയുടെ ഗുണഭോക്താക്കളാണ്. മസാലപ്പൊടികൾ സൗന്ദര്യ വർദ്ധകവസ്തുക്കൾ ഹെൽത്ത് ആൻഡ് വെൽനെസ്സ് ഉത്പന്നങ്ങൾ ഉൾപ്പെടെ നൂറിലേറെ ഉത്പന്നങ്ങൾ സ്പൈസറിയിൽ ലഭ്യമാണ്. കൂടാതെ ഗുണനിലവരുമുള്ള നടീൽ വസ്തുക്കളും ജൈവകൃഷിക്ക് സഹായകമായ സൂക്ഷ്മാണു മിശ്രിതവും സ്പൈസറിയിൽ ലഭ്യമാക്കുന്നു.
വിപണിവിലയിലുണ്ടാകുന്ന അപ്രതീക്ഷിത തകർച്ചകൾ പലപ്പോഴും കർഷകരെ വലിയതോതിൽ ബാധിക്കുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് സ്പൈസറിയുടെ പ്രവർത്തനം പ്രാധാന്യമർഹിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്‌തുപ്രവർത്തിക്കുന്ന കർഷകരെ സ്റ്റാർറ്റപ്പുകളുമായി ബന്ധിപ്പിച്ച് അവർക്കു മികച്ച വില ലഭ്യമാക്കാൻ സ്പൈസറിക്കു സാധിക്കുന്നു.
വിലക്കുറവുകാരണം കർഷകർ വിളവെടുപ്പുതന്നെ വേണ്ടെന്നുവയ്ക്കുന്ന സാഹചര്യം ഒഴിവാക്കാനും ഈ ഇടപെടലിലൂടെ കഴിയുന്നു. സുഗന്ധവ്യഞ്ജന സംസ്കരണ സൗകര്യവും സാങ്കേതികസഹായവും നൽകി കർഷകരെ സ്റ്റാർട്ടപ്പിലൂടെ മികച്ചവരുമാനം നേടാൻ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളും സ്പൈസറി ഉറപ്പുവരുത്തുന്നുണ്ടെന്നു ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു..
സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾക്കുആഗോള-പ്രാദേശിക വിപണികളിലുള്ള ആവശ്യകതയെ യുവസംരംഭകർക്കുള്ള മികച്ച അവസരമാക്കിമാറ്റാനുള്ള നടപടികൾക്കാണ് സ്പൈസറി പ്രാമുഖ്യം നൽകുന്നത്. ചെറുകിട സംരംഭകരെ സർക്കാർ സർക്കാരിതര വ്യവസായ സംരംഭങ്ങളുമായി യോജപ്പിച്ചു അവർക്കു മികച്ച തുടക്കം നൽകാനും സ്പൈസറിക്കുസാധിക്കുന്നു.
സ്റ്റാർട്ടപ്പ്കൾ പുറത്തിറക്കുന്ന ഉത്പന്നങ്ങൾക്ക് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുന്നതുകൊണ്ടുതന്നെ മികച്ച വിപണി ഉറപ്പുവരുത്താൻ അവർക്കു സാധിക്കുന്നു. മേക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നീ ആശയങ്ങൾ മുൻനിർത്തി സ്ഥാപിച്ച സ്പൈസറി പുതിയ മൂല്യവർധിത ഉത്പന്നനിര്മാണത്തെയും വിപണനത്തെയുമാണ് ലക്‌ഷ്യം വയ്ക്കുന്നത്.
കൃഷിരീതികൾ, ഉത്പന്ന നിർമാണം പാക്കിങ് എന്നിങ്ങനെ എല്ലാ മേഖലകളുടെയും നിലവാരം സാങ്കേതികസഹായത്തിലൂടെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടീൽ വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തലും സ്പൈസറി നടത്തുന്നു.ഒരു ഉൽപ്പന്നത്തിന് അംഗീകാരം നൽകുന്നതിന് മുൻപ് ഉത്പന്നനിര്മാണകേന്ദ്രങ്ങൾ സന്ദർശിച്ചു ഗുണനിലവാരവും മറ്റും ഉറപ്പുവരുത്താറുണ്ടെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ ഇടവേളകളിലുള്ള സന്ദർശനങ്ങളും ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനവും സ്പൈസറിയുടെ പ്രത്യേകതയാണ്.
സർക്കാർ സർക്കാരിതര സംരംഭങ്ങളുമായിചേർന്ന് കൂടുതൽ പദ്ധതികൾക്ക് സുഗന്ധവിള ഗവേഷണകേന്ദ്രം രൂപം നൽകുന്നുണ്ട്. മലബാർ മേഖല കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ) യുമായി ചേർന്നും പുതിയ പദ്ധതികൾക്ക് ഐ.ഐ.എസ്.ആർ രൂപം നൽകുന്നു. സുഗന്ധവിള ഉത്പന്നങ്ങളുടെ വിപണനം, സംയോജിത ഗവേഷണം, സംരംഭകത്വ വികസനം എന്നിവയാണ് പ്രധാന പദ്ധതികൾ. ഇതുമായി ബന്ധപ്പെട്ട ഒരു ധാരണാപത്രം ബുധനാഴ്ച ഒപ്പുവയ്ക്കും