മുക്കം: നഗരസഭയിലെ ചേന്ദമംഗല്ലൂർ പുൽപറമ്പ് സ്വദേശിയായ അബ്ദുറഹിമാന് ഈ എഴുപതാം വയസിലും കൃഷി ആവേശമാണ്. ചെറുപ്പകാലം മുതൽ കാർഷിക വൃത്തിയാണ് അബ്ദുറഹിമാൻ്റെ വരുമാന മാർഗം. എന്നാൽ അടുത്ത കാലത്തായി കാട്ടുപന്നി ശല്യവും എലി ശല്യവും കാരണം തൻ്റെ കൃഷി വിളവെടുക്കാൻ ഈ കർഷകന് സാധിക്കാറില്ല. ഇതിന് പരിഹാരമായാണ് ടെറസിന് മുകളിൽ കൃഷിയാരംഭിച്ചത്. പച്ചക്കറികളായിരുന്നു ആദ്യം കൃഷി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ കൂവ കൃഷിയിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ് ഈ കർഷകൻ.
കഴിഞ്ഞ മൂന്ന് വർഷമായി ചട്ടികളിലും ചാക്കുകളിലുമായി ടെറസിന് മുകളിൽ കൂവ കൃഷിയിൽ വ്യാപൃതനാണ് ഇദ്ദേഹം. നൂറോളം ചാക്കുകളിലും ചട്ടികളിലുമായാണ് കൃഷി. ഏഴ് മാസം കൊണ്ട് വിളവെടുക്കാമെന്നതും പ്രത്യേകതയാണ്. ഇത്തവണയും മികച്ച വിളവ് ലഭിച്ചതായി അബ്ദുറഹിമാൻ പറഞ്ഞു. ഒന്നര ക്വിൻ്റൽ കൂവയാണ് ലഭിച്ചത്. 15 കിലോഗ്രാം കൂവപ്പെടി ഇതിൽ നിന്നും ലഭിക്കും. ഒരു കിലോക്ക് ശരാശരി 1000 രൂപ വരെ ലഭിക്കുകയും ചെയ്യും. അൽപം പരിശ്രമവും കൃഷിയിൽ താൽപര്യവുമുണ്ടെങ്കിൽ സ്ഥലം ഒരു പ്രശ്നമല്ലെന്നും ഏത് കൃഷിയും മികച്ച വിജയമാവുമെന്നും തെളിയിച്ചിരിക്കുകയാണ് ഈ കർഷകൻ.