ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളുടെ വിജയ നിരക്കില്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇന്ത്യയിലെ മറ്റ് പ്രധാന ബാങ്കുകളെയെല്ലാം മറികടന്നു. ദേശീയ പേയ്‌മെന്റ്‌സ് കോര്‍പറേഷന്റെ (എന്‍പിസിഐ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പേടിഎമ്മിനാണ് ഏറ്റവും കുറച്ച് സാങ്കേതിക പിഴവ് ഉണ്ടായിട്ടുള്ളത്. പിഴവ് നിരക്ക് 0.02 ശതമാനം മാത്രമാണ്. യുപിഐ ഉപയോഗിക്കുന്ന മറ്റ് ബാങ്കുകളുടെ ഈ നിരക്ക് 0.04 ശതമാനമാണ്. എല്ലാ പ്രധാന ബാങ്കുകള്‍ക്കും ഒരു ശതമാനമെങ്കിലും സാങ്കേതിക പിഴവ് ഉണ്ടാകാറുണ്ട്. പേടിഎമ്മിന്റെ അടിസ്ഥാന സാങ്കേതിക സൗകര്യത്തിന്റെ മികവാണ് ഇത് തെളിയിക്കുന്നത്. പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ വിജയത്തിനും കാരണം ഇതുതന്നെ.
മറ്റ് ബാങ്കുകളുടെ യുപിഐ ഇടപാടുകള്‍ മൂന്നാമതൊരു ആപ്പിന്റെ സഹായത്തോടെയാണ് നടക്കുന്നത്. യുപിഐ ഇടപാടുകള്‍ ആപ്പിന്റെ ഉള്ളില്‍ നിന്നു തന്നെ സാധ്യമാക്കുന്ന ഇന്ത്യയിലെ ഏക ബാങ്കാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്. പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ഇതിനോടകം പ്ലാറ്റ്‌ഫോമില്‍ 10 കോടിയോളം യുപിഐ ഹാന്‍ഡിലുകളുണ്ട്. ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും വലിയ വ്യാപാരികളുമായും യുപിഐ ഇടപാടുകള്‍ പേടിഎം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു
എന്‍പിസിഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ തങ്ങളുടെ മികവ് കഠിന പ്രയ്തനത്തിന്റെ ഫലമാണെന്നും ആഗോള ബാങ്കിങ് രംഗത്ത് ഏറ്റവും മികച്ച സാങ്കേതിക അടിസ്ഥാന സൗകര്യമാണ് നല്‍കുന്നതെന്നും എഐയും ഡാറ്റയും ഉപയോഗിക്കുന്നതില്‍ തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും തടസമില്ലാത്ത അനുഭവം പകരുന്നതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് കഴിവുള്ളവരാണ് തങ്ങളുടെ ടെക് ടീമെന്നും സഹകാരികളുമായുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ബന്ധം നിലനിര്‍ത്തുന്നതിനും ഇത് സഹായിച്ചിട്ടുണ്ടെന്നും പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ സതീശ് ഗുപ്ത പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വിജയകരമായ പേയ്‌മെന്റ്‌സ് ബാങ്കായും ബൃഹത്തായ ഫണ്ടിങ് സ്രോതസായും പേടിഎം പേയ്‌മെന്റ് ബാങ്ക് തുടരുന്നു. 35 കോടി വാലറ്റും 22 കോടി കാര്‍ഡും 60 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളും പ്ലാറ്റ്‌ഫോമിലുണ്ട്.