കോഴിക്കോട്: സ്വച്ഛത പക്ഷാചരണത്തിന്റെ ഭാഗമായി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം കാട്ടിപ്പാറ ഗ്രാമം സന്ദര്‍ശിക്കുകയും വിള നിരീക്ഷണം നടത്തുകയും ചെയ്തു. സുഗന്ധവിളഗവേഷണ കേന്ദ്രത്തിന്റെ ദത്തു ഗ്രാമമാണ് കട്ടിപ്പാറ. എന്റെ ഗ്രാമം എന്റെ അഭിമാനം (മേരാ ഗാവ് മേരാ ഗൗരവ്) പദ്ധതിയുടെ ഭാഗമായാണ് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം കട്ടിപ്പാറയെ ദത്തുഗ്രാമമായി തെരഞ്ഞെടുത്തത്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള സന്നദ്ധസംഘം മേഖലയിലെ തിരഞ്ഞെടുത്ത കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. ഗ്രാമം ശുചിയായി സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത, വീടും പരിസരവും കൃഷിസ്ഥലങ്ങളും വൃത്തിയായി
സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങള്‍ തുടങ്ങിയവയെകുറിച്ചു ബോധവല്കരണം നടത്തി. വിവിധവിളകളിലുണ്ടാകുന്ന കീട, രോഗങ്ങള്‍ ചിലവുകുറഞ്ഞമാര്ഗ്ഗങ്ങള് ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കുന്ന വിദ്യകള്‍ ശാസ്ത്രജ്ഞര്‍
വിശദീകരിച്ചു.
വിജയകരമായ കൃഷി മാതൃകകളും മാതൃകാകൃഷിത്തോട്ടങ്ങളും സംഘം സന്ദര്‍ശിച്ചു. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.കെ.വി.സജി, ഡോ.സി.എം.സെന്തില്‍ കുമാര്‍, ഡോ.സി.എന്‍.ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കട്ടിപ്പാറ കൃഷി ഓഫീസര്‍ കെ.കെ.മുഹമ്മദ് ഫൈസല്‍, കൃഷി അസിസ്റ്റന്റ് കെ.ജംഷീന, ഹരിത ക്ലസ്റ്റര്‍ ഭാരവാഹികളായ എന്‍.കെ.വേലായുധന് കെ.ടി.ജോസഫ് എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.