Politics
കോഴിക്കോട് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ ചുമതലയേറ്റു
കോഴിക്കോട് : നഗരസഭ കൗൺസിൽ സ്ഥിരം സമിതിക്ക് അധ്യക്ഷന്മാരായി. എട്ട് സ്ഥിരം സമിതികളിൽ ഏഴിലും സി.പി.എം കൗൺസിലർമാരാണ് അധ്യക്ഷന്മാരായത്. ഒരു സ്ഥിരം സമിതി സ്ഥാനം സി.പി.ഐക്ക് ലഭിച്ചു. ഒരു സമിതിയിലേക്കും മത്സരം ഉണ്ടായില്ല. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷെയയാണ് ആദ്യം തെരഞ്ഞെടുത്തത്. ചെട്ടികുളം കൗൺസിലർ ഒ.പി.ഷിജിന വികസന സ്ഥിരം സമിതി അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനെയാണ് രണ്ടാമത് തെരഞ്ഞെടുത്തത്. മുതിർന്ന അംഗവും തിരുത്തിയാട് കൗൺസിലറുമായ പി.ദിവാകരനാണ് ക്ഷേമകാര്യ സമതി അധ്യക്ഷൻ. സ്ഥിരം സമിതി അംഗം കൗൺസിലർ എം.സി സുധാമണി അവധിയായിരുന്നു.
പിറകെ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷയായി കോട്ടൂളി കൗൺസിലർ ഡോ. എസ്. ജയശ്രീയെയും തെരഞ്ഞെടുത്തു. കഴിഞ്ഞ കൗൺസിലിൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനായ പി.സി.രാജൻ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായി. ചെറുവണ്ണൂർ വെസ്റ്റിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നടുവട്ടം കൗൺസിലർ കെ. കൃഷ്ണകുമാരി നഗരാസൂത്രണ സ്ഥിരം സമിതിയുടെയും കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ എരഞ്ഞിപ്പാലം കൗൺസിലർ സി. രേഖ വിദ്യാഭ്യാസ കായിക സ്ഥിരംസമിതി സമിതിയുടെയും അധ്യക്ഷയായി.
സി.പി.ഐയുടെ പി.കെ. നാസർ നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷനായി ചുമതലയേറ്റു. ഈ സമിതിയിലും ഒരംഗം അവധിയായിരുന്നു. മനോഹരൻ മങ്ങാടയിൽ ആണ് അവധി അറിയിച്ചത്.
ധനകര്യ സ്ഥിരം സമിതി അധ്യക്ഷ പദവി ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദിനാണ്. പാളയത്ത് നിന്നാണ് അദ്ദേഹം വിജയിച്ചത്.
എ.ഡി.എം റോഷ്നി നാരായാണനായിരുന്നു റിട്ടേണിംഗ് ഓഫീസർ. ഡെപ്യൂട്ടി സെക്രട്ടറി വി.അച്യുതൻ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സ്ഥിരം സമിതികൾ യോഗം ചേർന്നു. കഴിഞ്ഞ 11ന് ആയിരുന്ന സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.