മുക്കം: വിദേശത്തെ ബിസിനസ് ഇടപാടിലെ തർക്കത്തിന്റെ പേരിൽ ഗുണ്ടാസംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ചാത്തമംഗലം കട്ടാങ്ങൽ പാലക്കുറ്റിയിലെ അൻവർ സാദ്ദിഖിന്റെ വീട്ടിലാണ് ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറിയത്.
ഇന്നു രാവിലെ ആറരയോടെയാണ് അഞ്ചംഗ സംഘം അൻവറിന്റെ വീട്ടിലെത്തിയത്. കമ്പി വടികൊണ്ട് തലയ്ക്കടിച്ചെന്നും കുടുംബാംഗങ്ങളെ കയറുകൊണ്ട് കെട്ടിയിട്ടെന്നും അൻവർ പറയുന്നു. അൻവറിന്റെ ഉമ്മയുടെ വായിൽ തുണി തിരുകി മുറിയിലേക്കു തള്ളിയിട്ടു മർദിച്ചെന്നും,അൻവറിന്റെ ഭാര്യയേയും മക്കളെയും മുറിക്കുള്ളിൽ കെട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു.
ഗൾഫിൽ ബിസിനസ് നടത്തിയിരുന്ന സുഹൃത്ത് ഹാരിസിന്റെ മാനേജരായിരുന്നു അൻവർ. ഹാരിസ് വിദേശത്തുവച്ച് കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ടു. ഇയാളുടെ ബിസിനസിലെ ഇടപാടുകാരാണ് ക്വട്ടേഷൻ നൽകിയതെന്ന് ആരോപണമുണ്ട്. രേഖകൾ തട്ടിയെടുക്കാനാണ് സംഘമെത്തിയെന്നും സംശയിക്കുന്നു.
അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
നിലമ്പൂർ സ്വദേശിയായ ഫാസിലിനെയാണ് പിടികൂടിയത്.
അക്രമത്തിൽ പരിക്കേറ്റ അൻവറും കുടുംബാംഗങ്ങളും സ്വാകര്യ മെഡിക്കൽ കോളജിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ കുന്നമംഗലം പൊലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.