KERALAlocaltop news

റെഡ് അലർട്ട് ; കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട് :

ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ദുരന്തനിവാരണ സമിതി അവലോകനയോഗം ചേർന്നു. ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുഴുവൻ തയ്യാറെടുപ്പുകളും നടത്താൻ പോലീസിനും അഗ്നിശമനസേനയ്ക്കും തഹസിൽദാർക്കും കളക്ടർ നിർദ്ദേശം നൽകി.

മലയോര മേഖലകളിലെ രക്ഷാപ്രവർത്തനത്തിനുള്ള മുന്നൊരുക്കങ്ങൾ പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ഒരു ബറ്റാലിയൻ ഇന്നും നാളെയുമായി ജില്ലയിലെത്തും.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന 900 ഓളം കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ കുടുംബങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കാലതാമസം കൂടാതെ നൽകണമെന്ന് തഹസിൽദാർമാർക്ക് നിർദേശം നൽകി. കൂടാതെ ഇവരെ മാറ്റി താമസിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഒരുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ (ഇൻചാർജ്), വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ആൻ്റ് റെസ്ക്യൂ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

*കേരളത്തിൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴയും റെഡ്‌ അലെർട്ടും പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി പുറപ്പെവിക്കുന്ന പ്രത്യേക നിർദേശങ്ങൾ*

1. പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.

2. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.

3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ KSEB യുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

4. ശബരിമലയിലെ മസാപൂജക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദർശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.

5. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.

6. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടുള്ളതല്ല.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദിനന്തരീക്ഷാവസ്ഥയേയും ദുരന്ത സാധ്യതകളെയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close