കോഴിക്കോട്: കടലോര നഗരത്തെ ചൈതന്യധന്യമാക്കി ടിഎം കൃഷ്ണ പാടി. ദൈവദശകത്തിന് കര്‍ണാടക സംഗീത രാഗത്തിലേക്കു മൊഴിമാറ്റം. ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യം നിറയകയായിരുന്നു എങ്ങും
കോഴിക്കോട് കാരപ്പറമ്പ് സ്‌കൂളില്‍ പെയ്തിറങ്ങിയ സ്വരമാധുരി ഹര്‍ഷാരവങ്ങളോടെ ആസ്വാദക ഹൃദയം ഏറ്റുവാങ്ങി. ടി.എം. കൃഷ്ണയുടെ ഗുരു സീസണ്‍ റ്റു വിന് കോഴിക്കോട്ട് മെഹഫിലുകളുടെ പുനര്‍ജനി. കൊറോണ താഴിട്ട ഇടവേളയ്ക്ക് കഴിഞ്ഞ് കോഴിക്കോട്ട് നടക്കുന്ന ആദ്യ പൊതു സംഗിതപരിപാടിയായി കൃഷ്ണയുടെ രാഗങ്ങള്‍ ഒഴുകി. പത്തു മാസത്തിനു ശേഷം ടി.എം. കൃഷ്ണയുടെ രണ്ടാമത്തെ കച്ചേരി. കൃഷ്ണയുടെ ആദ്യ കച്ചേരി റി്പബ്ലിക് ദിനത്തില്‍ കണ്ണൂരില്‍ അരങ്ങേറി.
ശ്രീനാരായണ ഗുരുവിന്റെ ഭദ്രകാളി അഷ്്ടകം, അനുകമ്പാ ദശകം , ജനനി നവരത്‌ന മഞ്ജരി, ചിജ്ജഢ ചിന്തനം, ഗംഗാഷ്ടകം, ആത്മോപദേശ ശതകം എന്നീ കൃതികളില്‍ നിന്നുള്ള ഭാഗങ്ങളാണ് കൃഷ്ണ ആലപിച്ചത്. വയലിനില്‍ അക്കരായ് സുബ്ബലക്ഷ്മി, മൃദംഗത്തില്‍ ബി. ശിവരാമന്‍, ഘടത്തില്‍ എന്‍. ഗുരുപ്രസാദ് എന്നിവര്‍ കച്ചേരിയെ മിഴിവുറ്റതാക്കി.
ഗുരുവിന്റെ പ്രസിദ്ധമായ പ്രാര്‍ത്ഥനാ കവിതയായ ദൈവദശകം ആസ്പദമാക്കി നിര്‍മിച്ച ‘ആഴിയും തിരയും’ എന്ന സംഗീത പരിപാടിയുടെ രണ്ടാം ഭാഗമായിരുന്നു ഇന്നലെ കോഴിക്കോട് അരങ്ങേറിയത്. ആദ്യ ഭാഗം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മുംബൈയിലെ ടാറ്റ തിയ്യെറ്ററില്‍ അവതരിപ്പിച്ചു. ലോകം കടന്നു പോകുന്ന കാലഘട്ടത്തില്‍ ഗുരു മുന്നോട്ടു വച്ച സമഭാവന എന്ന ആശയത്തിനു പ്രസക്തിയേറെയെന്ന്് ടിഎം കൃഷ്ണ പറഞ്ഞു. ഈ ആശയം മുന്‍നിര്‍ത്തിയാണ് ‘ആഴിയും തിരയും’ എന്ന പ്രമേയം പിറക്കുന്നത്. നൂല്‍ ആര്‍ക്കൈവ്സും, ബാക്ക് വാട്ടേഴ്‌സുമാണ് ഇതിന്റെ അണിയറ ശില്‍പ്പികള്‍. യുആര്‍യു ആര്‍ട്ട് ഹാര്‍ബര്‍റും (ഉരു), ഡിസൈന്‍ ആശ്രമവും ചേര്‍ന്നാണ് കോഴിക്കോട്ട് പരിപാടി സംഘടിപ്പിച്ചത്.