കോഴിക്കോട്: സൗത്ത് ബീച്ചിലെ ലോറി പാർക്കിങ് മുൻതീരമാന പ്രകാരം അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന ശ്രദ്ധക്ഷണിക്കലിനിടെ നഗരസഭ യോഗത്തിൽ ഭരണ – പ്രതിപക്ഷ കൗൺസിലർമാർ കൊമ്പുകോർത്തു. ആളുകൾക്ക് ഭീഷണിയായ ലോറി പാർക്കിങ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ കെ. മൊയ്തീൻകോയയാണ് ശ്രദ്ധ ക്ഷണിച്ചത്. 2017 മേയിൽ ലോറി സ്റ്റാൻഡ് മാറ്റുമെന്ന് അന്നത്തെ മേയർ തോട്ടത്തിൽ രവീന്ദ്രൻ കൗൺസിൽ യോഗത്തിൽ ഉറപ്പുപറഞ്ഞിട്ട് ഇതുവരെ നടപ്പായില്ലെന്നും സൗത്ത് ബീച്ചിന്‍റെ ടൂറിസം വികസനത്തിനുൾപ്പെടെ ലോറി സ്റ്റാൻഡ് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഭരണപക്ഷ അംഗവും ഇടത്തൊഴിലാളി യൂനിയൻ നേതാവുമായ സി.പി. സുലൈമാൻ എതിർവാദവുമായി രംഗത്തെത്തി.ലോറിസ്റ്റാൻറ് വർഷങ്ങളായി ഇവിടെയുള്ളതാണെന്നും വലിയങ്ങാടി ഭാഗത്തുനിന്ന് ഇത് മാറ്റുന്നത് അപ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടിയതാണ് വാക് തർക്കത്തിനിടയാക്കിയത്. ഇതോടെ ഭരണ -പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര് തുടങ്ങി. തുടർന്ന് നഗരം വികസിക്കുകയാെണന്നും പുതിയ സ്ഥലം കണ്ടെത്തി ലോറി സ്റ്റാൻഡ് മാറ്റി പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടെതന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. വർഷങ്ങളായി ലോറി സ്റ്റാൻഡ് ഇവിടെയാണെന്നുപറയുന്നതിൽ പ്രസക്തിയില്ല. മറ്റൊരിടത്ത് സ്ഥിര സംവിധാനം ഉണ്ടായേപറ്റൂ. ഇക്കാര്യം ആലോചിക്കുന്നതിന് എല്ലാ യൂനിയനുകളുടെയും പൊലീസിന്‍റെയും യോഗം വിളിച്ചുചേർക്കുമെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചവേണ്ടെന്നും അവർ റൂളിങ്ങ് നൽകി. ഇതോടെയാണ് വാക്പോര് എല്ലാവരും അവസാനിപ്പിച്ചത്.
ഞെളിയൻ പറമ്പിൽ പുതിയ പ്ലാൻറ് സ്ഥാപിക്കുന്നതിന് മുന്നോടിയായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് കരാറെടുത്ത സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് ആറുമാസം കൂടി നീട്ടിനൽകാൻ യോഗം തീരുമാനിച്ചു. ഒരുവർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു നിർദ്ദേശമെങ്കിലും കോവിഡ് കാരണം പ്രവൃത്തി മുടങ്ങുകയായിരുന്നു. തുടർന്നാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്. കൂടുതൽ കാലതാമസമുണ്ടായാൽ മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തുമെന്ന് അറിയിച്ചത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ ഇത്തരമൊരു ബാധ്യത വന്നാൽ അത് പ്രസ്തുത കമ്പനി വഹിക്കണമെന്ന വ്യവസ്ഥയോടെയാണ് പ്രവൃത്തിക്ക് ആറുമാസം നീട്ടിനൽകാൻ തീരുമാനിച്ചത്.
അമൃത് പദ്ധതിയിൽ കോതിയിലും ആവിക്കൽതോടും പ്ലാൻറുകൾ നിർമിക്കുന്നതിന് 11.71 കോടിയുടെ അധികചെലവ് വന്നത് പ്രതിപക്ഷത്തിന്‍റെ വിയോജിപ്പോടെ യോഗം അംഗീകരിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ പഠിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ അധിക തുക മറ്റേതെങ്കിലും ഫണ്ടിൽ നിന്ന് അുനവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് വിഷയത്തിൽ വിശദീകരണം നൽകിയ സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. നഗരസഭയിലെ ഹരിത സഹായ സ്ഥാപനമായ നിറവ് സീറോ വേസ്റ്റ് മാനേജ്മെൻറിന് മാർച്ച് 31വരെ സമയം നീട്ടിനൽകുന്നതിനെയും പ്രതിപക്ഷം എതിർത്തെങ്കിലും യോഗം അംഗീകരിച്ചു.
പി. ഉഷാദേവി, കെ.സി. ശോഭിത, എം.സി. അനിൽകുമാർ, എസ്.കെ. അബൂബക്കർ, ഒ. സദാശിവൻ, കവിത അരുൺ, പി.സി. രാജൻ, സി.എസ്. സത്യഭാമ, റിനീഷ്, പി. ദിവാകരൻ, ഡോ. പി. എൻ.അജിത, ഡോ. ജയശ്രീ, കെ.ടി. സുഷാജ്, എം.കെ. മഹേഷ്, പ്രേമലത, മനോജ്, പി.കെ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.