KERALAlocaltop news

സുസ്ഥിരവികസനമെന്നാല്‍ ലക്ഷ്യാധിഷ്ഠിത ആസൂത്രണം- കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍

കോഴിക്കോട്: നാട്ടില്‍ എന്തു ചെയ്തു എന്നതിനുപകരം നാട് എങ്ങനെ മാറി എന്ന് പറയാന്‍ സാധിക്കുന്ന വിധം ലക്ഷ്യാധിഷ്ഠിത
ആസൂത്രണമാണ് സുസ്ഥിര വികസനം എന്നതുകൊണ്ടര്‍ഥമാക്കുന്നത് എന്ന് കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കിലയുടെയും ജില്ലാപഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തിയ ജില്ലാതല ശില്പശാലയില്‍ സുസ്ഥിരവികസനം: ഉള്ളടക്കവും കാഴ്ചപ്പാടും- പ്രാദേശിക തലത്തില്‍ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വര്‍ഷം എന്ത് ചെയ്തു, വരുന്ന അഞ്ചു വര്‍ഷം എന്തുചെയ്യും എന്നീ ചോദ്യങ്ങള്‍ക്കൊപ്പം എന്ത് നേടി, എന്ത് നേടും എന്ന ചോദ്യങ്ങള്‍ക്കുകൂടി മറുപടി പറയാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം.
2030-ഓടെ ലോകം കൈവരിക്കേണ്ട 17 വികസന അജണ്ടകള്‍ ആണ് സുസ്ഥിര വികസനം എന്നതിലൂടെ യു.എന്‍.വികസന പരിപാടി മുന്നോട്ടുവെയ്ക്കുന്നത്. ഒരാളെയും പിന്നിലേക്ക് മാറാന്‍ അനുവദിക്കില്ല എന്നതാണ് അതിന്റെ പ്രധാന സവിശേഷത. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന മഹത്തായ കാഴ്ചപ്പാടാണത്. വികസനം എന്നതുകൊണ്ട് നമ്മുടെ നാട് എന്തൊക്കെ ലക്ഷ്യം വെയ്ക്കുന്നോ അതുതന്നെയാണ് ആഗോളതലത്തില്‍ യു.എന്‍.വികസനപരിപാടിയും ലക്ഷ്യമിടുന്നത്. എല്ലാവരുടെയും ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് അതില്‍ ഒന്നാമത്. വിശപ്പുരഹിതലോകം എന്നത് രണ്ടാമത്തെയും എല്ലാവരുടെയും ആരോഗ്യം എന്നത് മൂന്നാമത്തെയും വിദ്യാഭ്യാസം എന്നത് നാലാമത്തെയും ലക്ഷ്യങ്ങളാണ്.
സുസ്ഥിരവികസനമെന്ന ആശയത്തിന് കേരളത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികമാണിപ്പോള്‍. ആരോഗ്യ,വിദ്യാഭ്യാസ മേഖലയില്‍നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്‍മാറിക്കൊണ്ടിരുന്ന കാലത്താണ് ജനകീയാസൂത്രണം ആരംഭിക്കുന്നത്. ഇനിയൊരു ബദലില്ല എന്നു പറഞ്ഞ കാലത്ത് ബദലുണ്ട് എന്നുപറഞ്ഞാണ് ജനകീയാസൂത്രണത്തിന് തുടക്കമിടുന്നത്. വികസന അജണ്ടകളിലേക്ക് ആരോഗ്യ,വിദ്യാഭ്യാസ മേഖലകള്‍ ഇതോടെ തിരിച്ചുവന്നു. 25 വര്‍ഷത്തിനുശേഷം ഇതിന്റെ മാറ്റങ്ങള്‍ നാട്ടില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത വിഷയങ്ങളില്‍ നാലു സെഷനുകളിലായി ക്ലാസുകള്‍നടന്നു. സുസ്ഥിരമായ ആരോഗ്യ സംവിധാനം എന്ന വിഷയത്തില്‍ സംസ്ഥാന ആരോഗ്യ വിദഗ്ധസമിതി അംഗം ഡോ.കെ.പി. അരവിന്ദന്‍ ക്ലാസെടുത്തു.
കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി, ദുരന്തനിവാരണം എന്ന വിഷയം കോളജിയറ്റ് എജ്യുക്കേഷന്‍ റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. പി.കെ.രവീന്ദ്രന്‍ അവതരിപ്പിച്ചു. സുസ്ഥിരവികസനവും തൊഴില്‍ മേഖലയും എന്ന വിഷയത്തില്‍ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണനും ദാരിദ്ര്യനിര്‍മാര്‍ജനവും വിശപ്പുരഹിത സമൂഹവും എന്ന വിഷയത്തില്‍ കില, എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി കെ.ബി.മദന്‍മോഹനും ക്ലാസെടുത്തു. കില റിസര്‍ച്ച് അസോസിയേറ്റ് ഡോ.രാജേഷ് ആര്‍.വി. ഏകോപനം നടത്തി. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ ഇ.പി.രത്‌നാകരന്‍ ശില്പശാല കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.
കാരപ്പറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശില്പശാല മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. എ.പ്രദീപ് കുമാര്‍ എം.എല്‍.എ. പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍ സ്വാഗതം പറഞ്ഞു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഉപാധ്യക്ഷര്‍, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷര്‍ എന്നിവരാണ് മൂന്ന് വേദികളിലായി നടന്ന ശില്പശാലയില്‍ പങ്കെടുത്തത്. വടകര, കൊയിലാണ്ടി കേന്ദ്രങ്ങളിലെ പ്രതിനിധികള്‍ ഓണ്‍ലൈന്‍വഴിയാണ് പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close