KERALAlocaltop news

മന്ത്രി ഇടപെട്ടു; കാട്ടുപന്നി ജീവിതം തകർത്ത റിച്ചാൾഡ് ജോണിന് ഉടൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഏഴുമാസമായി ചികിത്സയിൽ തുടരുന്ന യുവാവിന് ഉടൻ നഷ്ടപരിഹാരം നൽകാൻ വകുപ്പ് മന്ത്രിയുടെ ഇടപെടൽ. കെസിവൈഎം താമരശേരി രൂപത ട്രഷററും പൂഴിത്തോട് സ്വദേശിയുമായ പന്തപ്ലാക്കൽ റിച്ചാൾഡ് ജോണി (25) ക്കാണ് മാധ്യമപ്രവർത്തകന്റെ ഇടപെടൽ തുണയായത്. വന്യമൃഗശല്യത്തിനെതിരെ പൂഴിത്തോട്ടിൽ . ഉപവാസ സമരം നടത്തിയ റിച്ചാൾഡിനെ കഴിഞ്ഞ നവംബറിലാണ് കാട്ടുപന്നി അക്രമിച്ചത്.താമരശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ റിച്ചാൾഡ് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് കാട്ടുപന്നി അക്രമിച്ചത്. കുറ്റിക്കാട്ടിൽ നിന്ന് പാഞ്ഞടുത്ത ഒറ്റയാൻ പന്നി റിച്ചാൾഡിന്റെ ബൈക്ക് കുത്തിമറിക്കുകയായിരുന്നു.തുടർന്ന് അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാർ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിയമാനുസൃത നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിച്ചാൾഡിന്റെ മാതാപിതാക്കളായ ജോണി- സുനി ദമ്പതികൾ പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിൽ അപേക്ഷ നൽകി ഏഴുമാസത്തോളമായിട്ടും ഡിഎഫ്ഒ തുക പാസാക്കിയില്ല. ഇതിനിടെ കാലിന് പഴുപ്പ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം റിച്ചാൾഡിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. എല്ലിലേക്ക് പഴുപ്പ് ബാധിച്ചേക്കുമെന്നതിനാൽ ഉള്ളിൽ ഘടിപ്പിച്ച സ്റ്റീൽ റാഡ് കഴിഞ്ഞ ദിവസം നീക്കം ചെയ്തു. ഇതുവരെ ലക്ഷങ്ങൾ ചികിത്സക്കായി ചെലവായി. ജോലിക്ക് പോകാൻ കഴിയാത്തതിനാൽ വരുമാനവും നിലച്ചു.                             ഇന്ന് കോഴിക്കോട് പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിക്കെത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രനെ മാധ്യമ പ്രവർത്തകൻ  വിവരങ്ങൾ ധരിപ്പിക്കയായിരുന്ന് .           തുടർന്ന്     മന്ത്രി റിച്ചാൾ ഡിന്റെ മാതാവ് സുനി ജോണിയെ നേരിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. ഇന്നും നാളെയും അവധി ആയതിനാൽ അടുത്ത തിങ്കളാഴ്ച നഷ്ടപരിഹാര തുക എത്തിച്ചു നൽകാമെന്ന് മന്ത്രി ഉറപ്പുനൽകി. ശസ്ത്രക്രിയ കഴിഞ്ഞ റിച്ചാൾഡ് ഇന്ന് വൈകിട്ട് വീട്ടിലേക്ക് മടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close