കോഴിക്കോട്: കോവിഡ് കാലത്ത് സമയോചിതമായ ഇടപെടലിലൂടെ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ദ്രുതകര്‍മ്മ രക്ഷാസംഘത്തിന് (റാപിഡ് റസ്‌പോണ്‍സ് ടീം) മേയ്ത്ര ഹോസ്പിറ്റലിന്റെ ആദരം. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സംഘാംഗങ്ങളായ ജഗന്നാദ൯ ബിലാത്തിക്കുളം, ഷിനോദ് വി, ഷീജിത്ത് കുമാ൪ കെ എം എന്നിവരെ ആദരിച്ചു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന 32- കാരനായ യുവാവ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദ്രുതകര്‍മ്മ രക്ഷാസംഘത്തെ സമീപിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രാഥമിക ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചു. കോവിഡ് കാലത്തെ പരിമിതികളെല്ലാം മറികടന്ന് മേയ്ത്ര ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം നടത്തിയ അടിയന്തര ഇടപെടലുകളിലൂടെയാണ് യുവാവിന്റെ ഹൃദയത്തിലുണ്ടായ ബ്ലോക്കുകള്‍ നീക്കുകയും ജീവിതത്തിലേക്ക് തിരികെയെത്താന്‍ അവസരമൊരുക്കുകയും ചെയ്തത്.
ആശുപത്രിക്കു പുറത്തു നടക്കുന്ന ഹൃദയസ്തംഭനങ്ങള്‍ കൈകാര്യം ചെയ്യുക എളുപ്പമല്ലെങ്കിലും 20 മിനുട്ടിലേറെ സി.പി.ആറും (കാര്‍ഡിയോപള്‍മണറി റിസസിറ്റേഷന്‍) ഷോക്കുമുള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കിയാണ് അപകടഘട്ടം തരണം ചെയ്തത്. പിന്നീട് കാത് ലാബിലേക്ക് മാറ്റുകയും ഇന്‍ട്രാ അയോട്ടിക് ബലൂണ്‍ സഹായത്തോടെ ആന്‍ജിയോപ്ലാസ്റ്റി (പ്രൈമറി പെര്‍ക്യൂട്ടേനിയസ് ട്രാന്‍സ്‌ലൂമിനല്‍ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി- പി.ടി.സി.എ) നടത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ സുഖം പ്രാപിച്ച ഇദ്ദേഹത്തെ മുറിയിലേക്ക് മാറ്റുകയും ചെയ്തു.
എല്ലാവരും അവരവരുടെ വീടുകളിലിരിക്കുമ്പോഴും സ്വന്തം രക്ഷ പോലും അവഗണിച്ച് സേവന സന്നദ്ധരായി രംഗത്തിറങ്ങിയ ദ്രുതകര്‍മ്മ സേനാംഗങ്ങളെ കാലം ഓര്‍ത്തിരിക്കുമെന്ന് ആശുപത്രി ഡയറക്ടറും സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ അഡ്വൈസറുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ പഞ്ചായത്തുകളും ആംബുലന്‍സുകളുമായി ബന്ധപ്പെടുത്തി അടിസ്ഥാന ജീവന്‍രക്ഷാ പരിശീലനം (ബി.എല്‍.എസ്) നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് നടക്കുന്ന ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ഡോ. അലി ഫൈസല്‍ പറഞ്ഞു. സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ച അത്യാഹിത വിഭാഗം ജീവനക്കാരെയും യോഗം അഭിനന്ദിച്ചു.
കോവിഡ് വന്നതു മുതല്‍ സന്നദ്ധ സേവന രംഗത്തുള്ള തങ്ങള്‍ക്ക് ഏറ്റവും പ്രയാസം നേരിടാറുള്ളത് ആശുപത്രികളില്‍ നിന്ന് അടിയന്തരശ്രദ്ധ ലഭിക്കുന്ന കാര്യത്തിലാണെന്നും മേയ്ത്ര ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം ഒരു നിമിഷം പോലും കളയാതെ ഇടപെട്ടതുകൊണ്ടാണ് അപകടത്തിലാകുമായിരുന്ന ഒരു ജീവന്‍ രക്ഷിക്കാനായതെന്നും കോഴിക്കോട് നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ പറഞ്ഞു.
സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ ചെയര്‍മാന്‍ ഡോ. ആശിഷ് കുമാര്‍, കാര്‍ഡിയോളജി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ജയേഷ് ഭാസ്‌കര്‍, സി.ഒ.ഒ. എബ്രഹാം സാമുവല്‍ രാജു, സി.എം.ഒ. ഡോ. സിമന്ത ജി. ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.