കോഴിക്കോട്:
ജില്ലയിൽ വനഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ വനം, റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. വനാതിർത്തികളിൽ താമസിക്കുന്ന ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
നിലവിൽ തർക്കം ഉള്ളിടത്ത് വനം വകുപ്പ് ജണ്ട കെട്ടുന്നത് നിർത്തിവയ്ക്കാനും അതിർത്തി നിർണയ സർവ്വേ നടത്തിയശേഷം വനം, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പ്രശ്നം പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. പ്രശ്നം പരിഹരിച്ച ശേഷം ജണ്ട കെട്ടൽ തുടരും. ചെറുപ്ലാട് വനഭൂമി, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ വനംവകുപ്പിന്റെ ഭൂമിയിൽ താമസിക്കുന്ന ഭൂരേഖയില്ലാത്ത കൈവശക്കാർക്ക് ആ ഭൂമി നൽകി ഭൂരേഖ നൽകാനും വനം വകുപ്പിന് പകരം ഭൂമി നൽകാനും നടപടി സ്വീകരിക്കും. പട്ടികവർഗ്ഗ കോളനികളിൽ വനം വകുപ്പ് ആക്ഷേപങ്ങൾ ഇല്ലാത്ത ഇടങ്ങളിലും കൈവശക്കാർക്ക് പട്ടയം നൽകും.
വന്യജീവി ശല്യം നിലനിൽക്കുന്ന പ്രദേശങ്ങളിൽ സൗരോർജ്ജ വേലി കെട്ടാൻ ബാക്കിയുള്ള ഇടങ്ങളിൽ അവ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഇവയുടെ പരിപാലനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കർഷകർ എന്നിവർ ചേർന്ന് നടത്താനും നിർദ്ദേശം നൽകും.
ലിന്റോ ജോസഫ് എം.എൽ.എ, ജില്ലാകലക്ടർ സാംബശിവ റാവു, ഉത്തര മേഖല ചീഫ് കൺസർവറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ.വിനോദ് കുമാർ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ. ദേവപ്രസാദ്, വടകര ആർഡിഒ സി.ബിജു, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. രാജീവൻ, ഡെപ്യൂട്ടി കലക്ടർ ലാൽചന്ദ് പി.എസ്, താലൂക്ക് തഹസീൽദാർമാർ, ഫോറസ്റ്റ് അണ്ടർ സെക്രട്ടറി കെ.മനോജ്, ടി.പി.രാമകൃഷ്ണൻ എംഎൽഎയുടെ പ്രതിനിധി, വനം – റവന്യൂ വകുപ്പ് ഉദോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.