കോഴിക്കോട്: ക്രോണിക് എപ്പിലെപ്റ്റിക് ഡിസോർഡർ എന്ന അപൂർവ്വ രോഗ ബാധിതയായ പവിത്രക്ക് താങ്ങായി ജില്ലാഭരണകൂടം. സിവിൽ സ്റ്റേഷനിൽ നടന്ന നാഷണൽ ട്രസ്റ്റ് ഹിയറിങ്ങിനെ തുടർന്നാണ് നടപടി.
എഴുന്നേറ്റ് നിൽക്കാനോ ഇരിക്കാനോ കഴിവില്ലാത്ത 22കാരി പവിത്രയെ അസി. കലക്ടർ മുകുന്ദ് കുമാർ സന്ദർശിച്ചു. വർഷങ്ങളായി നഗരത്തിൽ പലയിടത്തായി വാടകയ്ക്ക് താമസിക്കുകയാണ് പവിത്രയും കുടുംബവും. ചാലപ്പുറം ഫാത്തിമ അപ്പാർട്ട്മെന്റിൽ വാടകയ്ക്കു താമസിക്കുന്ന കസ്തൂരിബായിയുടെ മകൾ പവിത്രക്ക്
ജനിച്ച് എട്ടാം മാസത്തിലാണ് അപൂർവ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. വിവിധ സ്ഥലങ്ങളിൽ വർഷങ്ങളോളം ചികിത്സിച്ചിട്ടും മാറിയില്ല. മരുന്നുവാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു കുടുംബം.
ഇവർക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി വീട് നൽകാനുള്ള നടപടികൾ അസി. കലക്ടർ സ്വീകരിച്ചു. പവിത്രക്ക് ലീഗൽ ഗാർഡിയനെ അനുവദിക്കാനും ആശ്വാസ കിരണം പദ്ധതിയിൽ ഉൾപ്പെടുത്താനും നിരാമയ ഇൻഷുറൻസ് നൽകാനും നാഷണൽ ട്രസ്റ്റ് ജില്ലാ കമ്മറ്റി തീരുമാനിച്ചു. ചികിൽസയും മരുന്നും ഭക്ഷണവും ഉറപ്പാക്കാൻ സ്ഥിരമായ സംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കാനും തിരുമാനിച്ചു.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായുള്ള നിയമപരമായ രക്ഷാകർതൃ സർട്ടിഫിക്കേറ്റ് മുൻകൂട്ടി നിശ്ചയിച്ച 22 പേർക്ക് ഓൺലൈൻ ഹിയറിംങ് വഴി നൽകി. നിരാമയ ഇൻഷുറൻസിന് മുഴുവൻ പേരേയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ അഞ്ച് അപേക്ഷകളും പരിഗണിച്ചു. ആശ്വാസകിരണം വികലാംഗപെൻഷൻ, സ്കോളർഷിപ്പ്, റേഷൻകാർഡ്, നാല് പേർക്ക് സ്പെഷൽ എംപ്ലോയ്മെൻ്റ് റെജിസ്ട്രേഷൻ എന്നിവ നൽകി. ആനുകൂല്യങ്ങളും ക്ഷേമ കാര്യങ്ങളും ലഭിക്കാത്തവർക്ക് അത് ലഭ്യമാക്കും. വഴി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
നാഷണൽ ട്രസ്റ്റ് ജില്ലാ ചെയർമാൻ
ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി, അസി.കലക്ടർ മുകുന്ദ് കുമാർ, കൗൺസിലർ ഉഷാദേവി, ജില്ലാ കൺവീനർ പി.സിക്കന്തർ, ഡോ.പി.ഡി. ബെന്നി, ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഷൈജൽ, ലോ ഓഫീസർ സലിം പർവീസ്, സബ് രജിസ്ട്രാർ രശ്മി ഗോപി, നാഷണൽ ട്രസ്റ്റ് എൻ.ജി.ഒ ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ് തുടങ്ങിയവർ പങ്കെടുത്തു.