സി. ഫസൽ ബാബു
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാട്ടു മുറി കോളനി സ്മാർട്ടാവുകയാണ്.50 ഓളം കുടുംബങ്ങളുണ്ട് മാട്ടു മുറി കോളനിയിൽ.90 ഓളം വിദ്യാർത്ഥികളും ഈ കോളനിയിൽ പഠിതാക്കളായുണ്ട്. തീർത്തും സാധാരണക്കാർ മാത്രം താമസിക്കുന്ന ഈ പ്രദേശത്ത് ഓൺലൈൻ പഠനം തുടങ്ങിയതു മുതൽ ദുരിതങ്ങളും തുടങ്ങിയിരുന്നു. മൊബൈൽ നെറ്റ് വർക്കിൻ്റെ ലഭ്യതക്കുറവ് വലിയ പ്രയാസമാണ് സൃഷ്ടിച്ചത്.ഒപ്പം ഒരു വീട്ടിൽ തന്നെ നിരവധി കുട്ടികൾ ഉള്ള വീടുകളിൽ ഫോൺ ലഭ്യതയും പ്രശ്നമായി. കൂലിപ്പണിക്കാരായ രക്ഷിതാക്കൾക്ക് മാസാമാസമുള്ള ഡാറ്റ റീചാർജിംഗും വലിയ പ്രതിസന്ധിയായി. ഇതോടെ വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറി കോളനിയിൽ വൈഫൈ സംവിധാനമൊരുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ബി എസ് എൻ എല്ലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കോളനിയിലെ 4 സ്ഥലങ്ങളിൽ മോഡം സ്ഥാപിച്ച് എല്ലാവർക്കും സൗജന്യമായി വൈ ഫൈ ഹോട്ട് സ്പോട്ടുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ശിഹാബ് മാട്ടുമുറി പറഞ്ഞു. * രാഹുൽ ഗാന്ധി എം.പിയുടെ ആശയമായ ഈ പദ്ധതി ശിഹാബ് തൻ്റെ പ്രകടനപത്രികയിലും വാഗ്ദാനമായി ഉൾപ്പെടുത്തിയിരുന്നു. 2 ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കി കോളനിയിൽ വൈ ഫൈ കണക്ഷൻ ലഭ്യമാക്കാനാവുമെന്നാണ് ഈ ജനകീയ വാർഡ് മെമ്പറുടെ പ്രതീക്ഷ.
ആദ്യഘട്ടമായാണ് മാട്ടു മുറിയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഘട്ടം ഘട്ടമായി വാർഡിലെ മറ്റു കേന്ദ്രങ്ങളിലേക്കും പദ്ധതി നടപ്പാക്കാനാവുമെന്നും ശിഹാബ് പ്രതീക്ഷിക്കുന്നു.