കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാ പൊതു പരീക്ഷ നാളെ (ആഗസ്റ്റ് 16 ) ആരംഭിക്കുമ്പോൾ ആര് കൂടുതൽ മാർക്കു നേടുമെന്ന മത്സരത്തിലാണ് 66 വയസ്സുകാരി ശ്യാമളകുമാരിയമ്മയും മരുമകൾ നിൻസിയും. പരീക്ഷയിൽ ഉന്നതവിജയം നേടുകയാണ് ഇരുവരുടെയും ലക്ഷ്യം. എട്ടാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്ന ശ്യാമളക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കിലും തുല്യത ഓൺലൈൻ പഠനം മുടക്കിയിട്ടില്ല. പഠിതാക്കളുടെ കൂട്ടായ്മകളിൽ സജീവമാണ് ഇരുവരും.
ജില്ലാസക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെട്ട് സാമൂഹ്യ സാക്ഷരത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. ഹയർസെക്കൻഡറി തുല്യതയും ബിരുദവും പൂർത്തിയാക്കി എൽ.എൽ.ബി പഠിച്ച് വക്കീൽ ആവണമെന്നാണ് ശ്യാമള കുമാരിയമ്മയുടെ ആഗ്രഹം. മരുമകൾ നിൻസിക്ക് രണ്ട് മക്കളുണ്ട്. പത്താം തരാം വിജയിച്ച് ഹയർ സെക്കന്ററിയും ഫാഷൻ ഡിസൈനിങ്ങും പഠിക്കണമെന്നാണ് ആഗ്രഹം.
കോര്പ്പറേഷന് സാക്ഷരതാ മിഷന് മുഖേന നടപ്പാക്കുന്ന സമ പദ്ധതിയില്‍ പഠനം പൂര്‍ത്തീകരിച്ച 66 വയസ്സുകാരി ശ്യാമള കുമാരി അമ്മയാണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവും.
ഇക്കുറി ജില്ലയിൽ 878 പഠിതാക്കളാണ് പത്താംതരം തുല്യതാ പരീക്ഷ എഴുതുന്നത്. 16 മുതൽ സെപ്തംബർ ഒന്ന് വരെ ഒമ്പത് വിഷയങ്ങളിലായാണ് പരീക്ഷ. ജില്ലയിൽ 367 പുരുഷന്മാരും 511 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. പഠിതാക്കളിൽ 101 പേർ പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ നിന്നുമാണ്. 23 പേർ ഭിന്നശേഷിക്കാരുമാണ്.