കോഴിക്കോട്: സാമുദായിക സംഘർഷത്തിനായി എരിതീയിൽ എണ്ണയൊഴിക്കുന്നവരുടെ കെണിയിൽ സാമുദായിക നേതാക്കൾ വീഴരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമം ജേർണലിസ്റ്റ് യൂനിയൻ പ്രഥമ എൻ. രാജേഷ് സ്മാരക പുരസ്കാരം പ്രമുഖ തൊഴിലാളി നേതാവ് പി. കൃഷ്ണമ്മാളിന് സമർപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സംഘർഷഭരിത സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ കേരളം പ്രബുദ്ധമാണെന്ന സ്വകാര്യ അഹങ്കാരം നമുക്കുണ്ടായിരുന്നു. എന്നാൽ, സമാന സാഹചര്യം കേരളത്തിലും സംജാതമാകുന്നു. ദേശീയതലത്തിൽ നടപ്പിലാക്കുന്ന ചില അജണ്ടകൾ സംസ്ഥാനത്തും നടപ്പാക്കാനാണ് ശ്രമം. ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘർഷം അഴിച്ചുവിട്ട് ഭിന്നതയുണ്ടാക്കി പരസ്പരം ചെളിവാരി എറിയുകയുന്നവരുടെ കെണിയിൽ സമുദായ നേതാക്കൾ വീഴരുത്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും മാധ്യമങ്ങളും ഈ സംഘർഷം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് വി.ഡി. സതീശൻ പറഞ്ഞു. കോവിഡ് സാഹചര്യം അസംഘടിത തൊഴിൽ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച സാഹചര്യത്തിൽ കൃഷണണമ്മാളിനെപ്പോലുള്ളവരിലാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികളെ അടിമകളാക്കുന്നതാണ് കേന്ദ്രസർക്കാറിന്റെ പുതിയ തൊഴിൽ നിയമമെന്ന് സ്മാരക പ്രഭാഷണം നടത്തിയ തൊഴിലാളി യൂനിയൻ നേതാവും മുൻ എം.പിയുമായ അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. തൊഴിലാളിയെ ചരക്കുകളാക്കി ചൂഷണത്തിന് വിട്ടുകൊടുക്കുകയാണ്. മാധ്യമപ്രവർത്തകർക്ക് ശബ്ദിക്കാനുള്ള അവകാശവും ഇല്ലാതാകുന്നു. ഒരുതെറ്റും ചെയ്യാതിരുന്നിട്ടും സിദ്ധീഖ് കാപ്പനെപ്പോലുള്ള മാധ്യമപ്രവർത്തകരെ ഭരണകൂടം തടവിലിടുകയാണ്. അനീതികൾക്കെതിരെ യോജിച്ച് പോരാടണമെന്നനും തമ്പാൻ തോമസ് കൂട്ടിച്ചേർത്തു.
സഹപ്രവർത്തകരുടെ പ്രശ്നങ്ങളിൽ അവസാന നിമിഷം വരെ പോരാടാൻ എൻ. രാജേഷുണ്ടായിരുന്നതായി മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിക്കുമ്പോൾ തന്നെ സ്ഥാപനത്തിന്റെ നിലനിൽപ്പിനെക്കുറിച്ചും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. മനുഷ്യർ പലതായി വിഭജിക്കപ്പെടുന്ന കാലത്ത് സാമുദായിക, വർഗീയ പ്രചാരണങ്ങൾ വ്യാപകമാവുകയാണ്. എല്ലാ സമുദായങ്ങളുമായും സഹിഷ്ണുതയോടെയാണ് എൻ. രാജേഷ് പെരുമാറിയതെന്ന് ഒ. അബ്ദുറഹ്മാൻ അനുസ്മരിച്ചു. എൻ. രാജേഷിന്റെ പേരിലുള്ള അവാർഡ് തൊഴിലാളികൾക്കായുള്ള പോരാട്ടത്തിൽ മറ്റൊരു ഉത്തരവാദിത്തം കൂടിയാവുകയാണെന്ന് പി. കൃഷ്ണമ്മാൾ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മീഡിയ അക്കാദമി മുൻ ചെയർമാൻ എൻ.പി രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ പ്രസിഡൻറ് കെ.എ. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡൻറ് കെ.പി. റജി, മുൻ പ്രസിഡൻറ് കമാൽ വരദൂർ, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻറ് എം. ഫിറോസ് ഖാൻ, കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ല പ്രസിഡൻറ് എം. അഷ്റഫ്, മാധ്യമം എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് എം.കെ. മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ സെക്രട്ടറി പി.പി. ജുനൂബ് സ്വാഗതവും ട്രഷറർ എ. ബിജുനാഥ് നന്ദിയും പറഞ്ഞു.