കന്നഡ സിനിമയിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര് ഹൃദയാഘാതത്താല്‍ അന്തരിച്ചത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. നാല്പ്പത്താറ് വയസുള്ള പുനീതിന് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നു. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു? രാവിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഹൃദയത്തിന്റെ പ്രശ്നങ്ങളാണ് ഇത്തരം മരണങ്ങള്‍ക്ക് കാരണമാകുന്നത്. ജന്മനാ തന്നെ ഹൃദയത്തിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, താളം തെറ്റിയ ഹൃദയ സ്പനന്ദനം, ഹൃദയത്തിന്റെ മസിലുകള്‍ക്ക് ബലക്ഷയമുണ്ടാകുക എന്നിവയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുക. രോഗ ലക്ഷണങ്ങള്‍ പലപ്പോഴായി കാണിക്കും. എന്നാല്‍, ഇത് പൊതുവെ അവഗണിക്കപ്പെടുകയാണ് പതിവ്.
ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണമാണ് സഡന്‍ കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സര്‍ക്യൂട്ടില്‍ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പ്. പുനീത് രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ചത് സഡന്‍ കാര്‍ഡിയാക് അറസ്റ്റാണ്.
ഇതിഹാസ നടന് രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. പിന്നീട് അപ്പുവെന്ന പേരിലാണ് പുനീത് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടത്. അപ്പു (2002), അഭി (2003), വീര കന്നഡിക (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കി (2010), ഹുഡുഗരു (2011), രാജ കുമാര (2017) എന്നിവയാണ് പുനീതിന്റെ സൂപ്പര്‍ ഹിറ്റുകള്‍.