കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സാകാലയളവിലെ അണുവിമുക്തവും സുരക്ഷിതവുമായ യാത്രസൗകര്യം ഉറപ്പുവരുത്തുന്നതിനു വേണ്ടി ഹോപ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷന്‍ സൗജന്യയാത്രാ വാഹനം പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അജിത് കുമാര്‍, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ അര്‍ബുദ ബാധിതരായ കുട്ടികളെ കണ്ടെത്തുകയും അവര്‍ക്ക് ഇന്ന് കേരളത്തിലും പുറത്തും ലഭ്യമാവുന്ന ചികിത്സയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അവരുടെ ചികിത്സാ കാലഘട്ടത്തില്‍ നല്‍കേണ്ട പലവിധ ചികിത്സാ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ‘ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍’. കോഴിക്കോട് ആസ്ഥാനമായി 2016 ല്‍ പ്രവര്‍ത്തനമാരംഭിച്ച ‘ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍’ ഇന്ന് കേരളത്തിലെ നിരവധി അര്‍ബുദ രോഗ ബാധിതരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സ്ഥാപനമായി നിലകൊളളുകയാണ്.