KERALAlocaltop news

വനിതാ സംരംഭകർക്കായി കൂട്ടായ്മയൊരുക്കി ‘ഷീകണകട്

കോഴിക്കോട്: സംരംഭകരായവരും ആവാന്‍ ആഗ്രഹിക്കുന്നവരുമായ വനിതകള്‍ക്കായി പുതിയ കൂട്ടായ്മ ‘ഷീകണക്ടി’ന് തുടക്കമായി. സ്വയം സംരംഭകത്വത്തിലൂടെയും കൂട്ടായ്മയിലൂടെയും സ്ത്രീശാക്തീകരണം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ. ആസ്യ നസീം, നസ്‌റിന്‍ ഹമീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീയെന്ന നിലയിലും സംരംഭക എന്ന നിലയിലും വെല്ലുവിളി നേരിടുന്ന സ്ത്രീകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും സംരംഭകത്വ പരിശീലനങ്ങളിലൂടെ സ്വയം വളരാനും ബിസിനസ് വളര്‍ത്താനും പ്രാദേശികമായ ഉത്പന്നങ്ങള്‍ക്ക് ആഗോളവിപണി കണ്ടെത്താനും ഷീകണക്ട് വേദിയൊരുക്കും. വിദ്യാഭ്യാസം, നൈപുണ്യവികസനം, ഇവന്റുകള്‍, ശില്‍പശാലകള്‍, സാമൂഹ്യപ്രവര്‍ത്തനം, ജെന്‍ഡര്‍ ബോധവത്കരണം, കൗണ്‍സിലിംഗ്, നെറ്റ് വര്‍ക്കിംഗ്, ഉത്പന്നങ്ങളും ബ്രാന്റും പ്രൊമോട്ട് ചെയ്യുക തുടങ്ങിയവയും ഈ കൂട്ടായ്മയുടെ വിവിധ പരിപാടികളാണ്.
കോഴിക്കോട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡന്റല്‍ സര്‍ജനായ ഡോക്ടര്‍ ആസ്യ നസീം, സ്‌ക്കൂള്‍ അധ്യാപികയായ നസ്‌റിന്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് ഷീകണക്റ്റിന് തുടക്കമാകുന്നത്. സ്ത്രീശാക്തീകരണത്തിന് ഏറ്റവും മികച്ച ഒരു ഉപാധിയാണ് സ്വയം സംരംഭകത്വം എന്നുള്ള ഉറച്ച വിശ്വാസത്തില്‍ നിന്നാണ് ഈ കൂട്ടായ്മ അതിന്റെ രൂപവും ഉള്ളടക്കവും ഉണ്ടാക്കിയെടുത്തത്. ഔദ്യോഗികമായി ആരംഭിച്ച് ഒരു മാസത്തിനകം തന്നെ നൂറിലധികം അംഗങ്ങളും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലായി നിരവധി ചാപ്റ്ററുകളുമായി ഷീകണക്റ്റ് ഒരു മികച്ച സംഘടനാ രൂപത്തിലായിക്കഴിഞ്ഞു.
സംരംഭക മേഖലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നവരോ, വളര്‍ന്നു വരുന്നവരോ, പുതുതായി കടന്നുവരാന്‍ ആഗ്രഹിക്കുന്നവരോ ആയ, ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഷീകണക്റ്റില്‍ അംഗങ്ങളാവാം. ഒരു വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും അംഗത്വം എടുക്കാവുന്നതാണ്. അംഗത്വത്തിന്റെ കാലാവധി ഒരു വര്‍ഷമായിരിക്കും.
കമ്യൂണിറ്റിയിലെ ഓരോ അംഗവും നെക്റ്റര്‍ എന്ന് വിളിക്കപ്പെടുന്നു. ഓരോ നെക്റ്ററും അവരുടെ സ്ഥലമനുസരിച്ച് നാഷന്‍, സ്റ്റേറ്റ്, ഷെഹര്‍, നോഡ് എന്നിങ്ങനെയായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ ഷെഹറിലും കുറഞ്ഞത് ഒരു നോഡ് എങ്കിലും ഉണ്ടാവും. ഒരു നോഡില്‍ കുറഞ്ഞത് ഇരുപതും പരമാവധി അന്‍പതും നെക്റ്റര്‍മാര്‍ ഉണ്ടാവും. ഷീ കണക്റ്റിന്റെ അടിസ്ഥാന യൂണിറ്റുകളാണ് നോഡുകള്‍. ഓരോ നോഡിലും മാസം തോറും അംഗങ്ങള്‍ ഒത്തുചേരുകയും അവരുടെ വ്യക്തിപരമായും തൊഴില്‍പരമായും ഉള്ള വളര്‍ച്ചയെ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. സ്ത്രീ സംരംഭകരുടെ ബ്രാന്റുകളുടെ ദൃശ്യത വര്‍ധിപ്പിക്കാനും അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനും എക്‌സ്‌പോകള്‍ സംഘടിപ്പിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ ഷീകണക്റ്റിന് സജീവമായ സാന്നിധ്യമാണ് ഉള്ളത്.
സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും കാര്യത്തില്‍, പുതിയ കാലത്തിനിണങ്ങുന്ന ഒരു മികച്ച മാതൃകയാണ് ഷീകണക്റ്റ്.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. ആസ്യ നസീം, നസ്‌റിന്‍ ഹമീദ്, ഹഷ്ബ എന്നിവര്‍ പങ്കെടുത്തു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close