കോഴിക്കോട്: നഗരത്തിൽ സ്വർണകട്ടി കവർന്ന കേസിൽ ഒരാൾ പിടിയിൽ. കക്കോടി മൂട്ടോളി സ്വദേശി കെ.കെ. ലതീഷിനെയാണ് (37) കസബ പൊലീസ് അറസ്റ്റുചെയ്തത്. സെപ്തംബർ 20ന് രാത്രി കണ്ടംകുളം ജൂബിലി ഹാളിന് സമീപം രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം.
ലിങ്ക് റോഡിലെ സ്വർണ ഉരുക്കുശാലയിൽ നിന്നും മാങ്കാവിലെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വർണം ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയിൽ നിന്നാണ് കവർന്നത്.
റംസാൻ സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ സംഘം പാളയം തളി ജൂബിലിഹാളിനു മുന്നിൽ വെച്ച് തടഞ്ഞുനിർത്തുകയും കഴുത്തിന് പിടിച്ച് തള്ളി ചവിട്ടി വീഴ്ത്തിയശേഷം പാൻറ്സിന്റെ കീശയിലുണ്ടായിരുന്ന സ്വർണം തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
റംസാൻ ബഹളംവെച്ചതോടെ സമീപ വാസികൾ വിവരമറിയിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം എല്ലാ റോഡിലും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അന്വേഷണത്തിൽ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് സ്വർണം കവർന്നതെന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച ചില സൂചനകളിൽ നിന്നാണ് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത്.